വൈദ്യുതി നിരക്ക് വര്‍ധന; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്‌; പിണറായിയുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്ന് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോള്‍ വിലവര്‍ധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വര്‍ധന ജനജീവിതം കൂടുതല്‍ ദുസഹമാക്കും. പിണറായിയുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment