വനംവകുപ്പ് ജീവനക്കാരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവം; ഗത്യന്തരമില്ലാതെ കേസെടുത്ത് പോലീസ്; നടപടി നാലു ദിവസത്തിനു ശേഷം

 

പത്തനംതിട്ട: വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അവസാനം കേസെടുത്ത് പോലീസ്.  പരാതി നല്‍കിയിട്ടും സിപിഎം പ്രവർത്തകർ പ്രതികളായ കേസില്‍ പോലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. ഒടുവില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് പോലീസ് കേസെടുക്കാന്‍ തയാറായത്. നാലു ദിവസം വൈകിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിപിഎം പ്രവർത്തകർ അടക്കം 12 പേരാണ് കേസിലെ പ്രതികൾ. കേസിനാസ്പദമായ സംഭവം ഉണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു. റോഡ് വക്കിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കവേ ആയിരുന്നു സംഭവം. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജേക്കബ് വളയമ്പള്ളിയാണ് ഒന്നാംപ്രതി. പത്തനംതിട്ട ചിറ്റാർ പോലീസാണ് കേസെടുത്തത്. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചെന്നും ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തെന്നുമാണ് എഫ്ഐആർ. കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്‍റെ പരാതിയിലാണ് കേസ്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൈ വെട്ടുമെന്നും സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം ഭീഷണിയെ തുടര്‍ന്ന് അടവി ഇക്കോ ടൂറിസം സെന്‍റര്‍ അടച്ചിരുന്നു. അനിശ്ചിത കാലത്തേക്കാണ് ഇക്കോ ടൂറിസം സെന്‍റര്‍ അടച്ചിട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വനഭൂമിയിലെ കൊടി നീക്കിയ ഉദ്യോഗസ്ഥന്‍റെ കൈ വെട്ടും എന്നായിരുന്നു സിപിഎമ്മിന്‍റെ ഭീഷണി. കൊച്ചുകോയിക്കലില്‍ തടി പരിശോധിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.

Comments (0)
Add Comment