ലഖ്നൗ : ഉത്തർപ്രദേശിലെ ബൽറാംപുരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആളും മറ്റൊരാളും ചേര്‍ന്നാണ് മൃതദേഹം പാലത്തിൽനിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊവിഡ് ബാധിച്ച് മരിച്ച സിദ്ധാർത്ഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്നാണ് വിവരം. രണ്ട് പേര് ചേര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങൾ അതുവഴി പോയ വാഹനത്തിലെ യാത്രക്കാരന് പകര്‍ത്തുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതെന്നാണ് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസറുടെ വിശദീകരണം. മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28-ന് മരിച്ചു. തുടർന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും ഇവർ മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കൽ ഓഫീസർ വിശദീകരിച്ചു. അതേസമയം പിപിഇ കിറ്റ് ധരിച്ചയാള്‍ ബന്ധു തന്നെയാണോ എന്നത് വ്യക്തമായിട്ടില്ല.