തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ലഹരിസംഘത്തിന്‍റെ അഴിഞ്ഞാട്ടം; പാസ്റ്റർക്ക് വെട്ടേറ്റു, വീടും വാഹനങ്ങളും ആക്രമിച്ചു

 

തിരുവനന്തപുരം: വെള്ളറടയിൽ ലഹരി സംഘത്തിന്‍റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രി മൂന്നംഗ ലഹരി സംഘം മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാരകായുധങ്ങളുമായി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചുപറിക്കുകയും ചെയ്തു. പാസ്റ്ററെ വെട്ടി പരുക്കേല്‍പ്പിച്ചു. തുടർന്ന് സമീപത്തെ വീട് ആക്രമിച്ച സംഘം വാഹനങ്ങളും ജനാലകളും അടിച്ചു തകർത്തു. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചെങ്കിലും പോലീസ് എത്താൻ വൈകിയതായും പരാതി ഉയർന്നിട്ടുണ്ട്.

വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനാണ് വെട്ടേറ്റത്. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദ്ദിച്ചു. വീടുകള്‍ക്കുനേരെയും സംഘം ആക്രമണം നടത്തി. ഒരു വീടിന്‍റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം തട്ടിയെടുത്തതായും നാട്ടുകാർ പറഞ്ഞു.

അതേസമയം വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന്  നാട്ടുകാര്‍ ആരോപിച്ചു. ലഹരിസംഘത്തിന്‍റെ ആക്രമണം രാത്രി പത്തു മണിയോടെ നാട്ടുകാർ പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാർ പറയുന്നു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കകുയായിരുന്നു.

Comments (0)
Add Comment