പുതുവർഷത്തില്‍ സംസ്ഥാനത്തെ നിരത്തുകളില്‍ പൊലിഞ്ഞത് 9 ജീവനുകള്‍

Jaihind Webdesk
Sunday, January 1, 2023

 

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ നിരത്തുകളില്‍ പൊലിഞ്ഞത് 9 ജീവനുകൾ. വിവിധ അപകടങ്ങളിലായി 45 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആലപ്പുഴ തലവടിയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തും രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേർ മരിച്ചു. കോഴിക്കോട് കക്കോടിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കൊയിലാണ്ടിയിൽ ബസിടിച്ച് കാൽനടയാത്രക്കാരിയും മരിച്ചു.

അടിമാലിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിൻ, അലക്‌സ് എന്നിവരാണ് ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ തലവടിയിൽ പോലീസ് ജീപ്പ് ബൈക്കിലിടിച്ച് മരിച്ചത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇവരെ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പോലീസ് വിശദീകരണം. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത വീടിന്‍റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്.

പത്തനംതിട്ട തിരുവല്ലയിലും ഏനാത്തും രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേർ മരിച്ചു. തിരുവല്ലയിൽ ടാങ്കർലോറി ബൈക്കിലിടിച്ച് ശ്യാം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഇലമംഗവം സ്വദേശി തുളസീധരൻ മരിച്ചു. കോഴിക്കോട് കക്കോടിയിലും കൊയിലാണ്ടിയിലുമായി ഉണ്ടായ വാഹനാപകടങ്ങളിലും രണ്ടുജീവനുകൾ നഷ്ടമായി. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ ബസ് ഇടിച്ചാണ് യാത്രക്കാരി മരിച്ചത്. നെല്ലാടി വിയ്യൂർ വളപ്പിൽ താഴെ ശ്യാമളയ്ക്ക് ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടം സംഭവിച്ചത്. വയനാട് പിണങ്ങോട് പുഴക്കലിൽ നിയന്ത്രണം വിട്ട വാൻ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തില്‍ കടയുടെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.