സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാര്‍ക്കും ഇനി ലെവി വരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. അതേസമയം, ഹൗസ് ഡ്രൈവര്‍മാരില്‍ കൂടുതല്‍ മലയാളികള്‍ ആയതിനാല്‍, ലെവി നിയമം ഇവരെ ബാധിക്കും.
ഒരു സൗദി പൗരന് നാലില്‍ കൂടുതല്‍ വീട്ടുജോലിക്കാര്‍ ഉണ്ടെങ്കില്‍, ഓരോര്‍ത്തര്‍ക്കും വര്‍ഷത്തില്‍ 9600 സൗദി റിയാല്‍ ലെവിയായി നല്‍കണം. രാജ്യത്ത് താമസ പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശിക്ക് കീഴില്‍, രണ്ടില്‍ കൂടുതല്‍ വീട്ടുജോലിക്കാര്‍ ഉണ്ടെങ്കിലും ഇതേ ലെവി നല്‍കണം. തൊഴിലാളിയല്ല, തൊഴില്‍ ഉടമയാണ് ഈ തുക സര്‍ക്കാരില്‍ അടക്കേണ്ടത്. തൊഴിലാളികളുടെ റെസിഡന്‍റ് പെര്‍മിറ്റ് പുതുക്കുമ്പോഴോ അല്ലെങ്കില്‍ പുതിയത് എടുക്കുമ്പോഴോ ഫീസിനോടൊപ്പം ഈ തുകയും അടയ്ക്കണമെന്നും നിയമത്തില്‍ പറയുന്നു.
സൗദി മാനവവിഭവ ശേഷി മന്ത്രാലയത്തിലാണ് ഈ തുക അടക്കേണ്ടത്. രണ്ട് ഘട്ടമായി നടപ്പാക്കുന്നതാണ് ഈ പുതിയ നിയമം . ആദ്യഘട്ടം ഈ വര്‍ഷം മെയ് 22നും രണ്ടാംഘട്ടം 2023 ത്തിലും പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് ലെവി നല്‍കിയാല്‍ മതി. രണ്ടാം ഘട്ടത്തില്‍ പുതിയതായി വരുന്നവര്‍ക്കും നല്‍കേണ്ടി വരും. അതേസമയം, ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതാണ് ഈ ലെവി തീരൂമാനം.