ഒറ്റപ്പാലം എൻഎസ്എസിൽ ഇടത് അധ്യാപികയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നീക്കം

 

പാലക്കാട്: ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കാൻ ഇടത് സംഘടനാ നേതാവായ അധ്യാപികയുടെ വഴിവിട്ട നീക്കം. യൂണിയൻ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇന്ന് രാവിലെ 51 ക്ലാസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 എണ്ണത്തിലും വിജയിച്ച കെഎസ്‌യു, കോളേജ് യൂണിയൻ നിലനിർത്തുമെന്ന് ഉറപ്പായിരുന്നു. തുടർന്ന്, ഉച്ചയ്ക്ക് 2 മണിക്കാണ് കോളേജ് യൂണിയൻ ഇലക്ഷൻ നടക്കേണ്ടിയിരുന്നത്. പാനൽ തയ്യാറാക്കി നോമിനേഷൻ പ്രക്രിയയിലേക്ക് കടക്കേണ്ടുന്ന റിട്ടേണിംഗ് ഓഫീസർ 2 മണി മുതൽ 6 മണി വരെ അത് ബോധപൂർവ്വം വൈകിപ്പിച്ചു. ഇടതുപക്ഷ സഹയാത്രികയും ഫിസിക്സ് ഡിപ്പാർട്ട്മെന്‍റ് മേധാവിയായ നയനയാണ് ഇതിന് കൂട്ടുനിന്നത്.

പുറമേനിന്ന് ഇരച്ചെത്തിയ 200 ഓളം വരുന്ന സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ആറുമണിക്ക് ശേഷം കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വോട്ടവകാശമുള്ള 51 ക്ലാസ് പ്രതിനിധികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണ്. രാത്രി ഇരുട്ടുന്നതോടുകൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ഥിതിഗതികൾ വഷളാക്കി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുക എന്നുള്ളതായിരുന്നു സിപിഎമ്മിന്‍റെ ഗൂഢ ലക്ഷ്യം.

സംഘർഷം ഉണ്ടാക്കി, യൂണിയൻ ഇലക്ഷനിൽ ചെയ്യപ്പെടാതെ പോകുന്ന പ്രതിനിധി വോട്ടുകൾ കാര്യങ്ങൾ എസ്എഫ്ഐക്ക് അനുകൂലമാക്കും എന്ന ഗൂഢ പദ്ധതിയാണ് റിട്ടേണിംഗ് ഓഫീസർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി തൊട്ട് ഗുരുതരമായ കൃത്യവിലോപം നടത്തി, അവർ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് പിറകോട്ട് പോയത് അടക്കം ചൂണ്ടി കാണിച്ചുകൊണ്ട് കോൺഗ്രസ് അവരെ കോടതി കയറ്റുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ഡോ. പി. സരിൻ പറഞ്ഞു. സംഘർഷത്തിനിടെ അധ്യാപകനെ നെഞ്ചുവേദന അനുഭവപ്പെട്ടതിന് തുടർന്ന് ബോധരഹിതനായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. എത്ര വൈകിയാലും എൻഎസ്എസ് ഒറ്റപ്പാലത്തെ വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ വോട്ടിന്‍റെ വില പുറം ലോകത്തെ ഞങ്ങൾ അറിയിക്കുക തന്നെ ചെയ്യും. കെഎസ്‌യുവിന് അനുകൂലമായ വിദ്യാർത്ഥി മനസ്സ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും സരിൻ പറഞ്ഞു.

Comments (0)
Add Comment