ഡല്‍ഹി: കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജനവാസ മേഖലകളിലും , കൃഷിസ്ഥലത്തും വന്യമൃഗ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം സംസ്ഥാന സര്‍ക്കാരും, ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെയും അലംഭാവവുമാണ്. ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ആവശ്യമാണെന്നും ഡീന്‍ കുര്യാക്കോസ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടടുത്തായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം. എല്‍ദോസിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ കലക്ടര്‍ എത്തി ഉറപ്പ് നല്‍കിയതിന് ശേഷമാണ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്.