ക്വാറന്‍റീനിലും രക്ഷയില്ല ! വായിക്കാൻ കേന്ദ്രം കൊടുക്കുക മോദിയുടെ പ്രസംഗങ്ങള്‍..!

Jaihind News Bureau
Wednesday, March 18, 2020

ന്യൂഡൽഹി: കോവിഡ് 19 ഭീതിയിൽ ക്വാറന്‍റീനിൽ കഴിയുന്നവർക്ക് കേന്ദ്രം നൽകുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പുകളെന്ന് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം  പകർച്ചവ്യാധി പിടിപെട്ടവരുമായോ സമാനസാഹചര്യങ്ങളുമായോ പ്രാഥമികസമ്പർക്കത്തിൽ ഏർപ്പെട്ടവരെ രോഗവ്യാപനം തടയുന്നതിനായി പ്രത്യേകം നിരീക്ഷിക്കുന്ന പ്രക്രിയയാണ് ക്വാറന്‍റീന്‍. 14 ദിവസമാണ് ക്വാറന്‍റീനിൽ കഴിയേണ്ടത്.

അതേസമയം, ഇത്തരത്തില്‍ ക്വാറന്‍റീനിൽ കഴിയുന്നവർക്കിടയില്‍ സാന്ത്വനത്തിനിടയിലും രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രസർക്കാരെന്നാണ് ആരോപണം. കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സർക്കാർ സംവിധാനങ്ങളിൽ ക്വാറന്‍റീൻ ചെയ്യപ്പെടുന്നവരുടെ എണ്ണവും വർധിക്കും. മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനിൽ കഴിയുന്നവർക്ക് കൊടുക്കുകയെന്ന് ഇക്കാര്യത്തില്‍ ആധികാരികമായി പറയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പ് അതിഥികൾക്കും സ്കൂളുകൾക്കും കോളജുകൾക്കുമൊക്കെ പല അവസരങ്ങളിലും നൽകാറുണ്ടെന്നും ഇത്തരം പുസ്തകങ്ങളാണു സർക്കാരിന്‍റെ ക്വാറന്‍റീൻ സംവിധാനത്തിൽ കഴിയുന്നവർക്കും നൽകുകയെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.