ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; 71 സീറ്റില്‍ ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ഥികള്‍

Jaihind News Bureau
Wednesday, October 28, 2020

 

പട്ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ 5 മണിക്ക് വോട്ടിംഗ് അവസാനിക്കും. 71 മണ്ഡലങ്ങളിലായി 1,066 പേരാണ് ജനവിധി തേടുന്നത്. 71 സീറ്റില്‍ ജെ.ഡി.യു 35 മണ്ഡലങ്ങളിലും ബി.ജെ.പി 29 ഇടത്തും ആര്‍.ജെ.ഡി. 42 സീറ്റുകളിലും കോണ്‍ഗ്രസ് 29 ഇടത്തും  എല്‍.ജെ.പി. 41 സീറ്റുകളിലും  മത്സരിക്കുന്നു. മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.

എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അര്‍ധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപടിക്രമങ്ങള്‍. വോട്ടിംഗ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുന്‍പും ശേഷവും സാനിറ്റൈസ് ചെയ്യും. വരുന്നവരുടെ താപനില പരിശോധിക്കും. മാസ്‌കുകളും നല്‍കും.