അയോധ്യയില്‍ രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു ; ഡല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടകീയ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

Jaihind News Bureau
Wednesday, February 5, 2020

ന്യൂഡല്‍ഹി : ഡൽഹി തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്ര സർക്കാർ. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ്. രാമക്ഷേത്രത്തിന്‍റെ നിർമാണ ചുമതല ഈ ട്രസ്റ്റിന് ആയിരിക്കും. അയോധ്യയിലെ 67 ഏക്കർ കേന്ദ്ര സർക്കാർ ഭൂമി ഈ ട്രസ്റ്റിന് കൈമാറാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയാണ് ഇന്ന് ലോക്സഭയെ അറിയിച്ചത്.

ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ലോക്സഭയുടെ അജണ്ടയില്‍ ഇത് നേരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ഇത് അജണ്ടയില്‍ ഉള്‍പ്പെടുത്തികൊണ്ട് പ്രധാനമന്ത്രി തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തുകയായിരുന്നു.  അയോധ്യയിൽ പള്ളി നിർമിക്കാനുള്ള 5 ഏക്കർ സ്ഥലത്തിന്‍റെ കാര്യത്തിൽ ഉത്തർ പ്രദേശ് സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ ഭൂമി എവിടെ എന്നത് പറഞ്ഞില്ല.

ബാബ്‍റി മസ്ജിദ് പൊളിച്ച 2.77 ഏക്കർ ഭൂമിക്ക് പുറമേ അതിന് ചുറ്റുമുള്ള 67 ഏക്കർ ഭൂമി കൂടി സർക്കാർ രാമജന്മഭൂമി തീർത്ഥക്ഷേത്ര എന്ന ഈ ട്രസ്റ്റിന് പതിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന തർക്കഭൂമിയുടെ ചുറ്റുമുള്ള ഈ ഭൂമി നേരത്തേ തന്നെ കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നതാണ്. നരസിംഹറാവുവിന്‍റെ കാലത്തായിരുന്നു ഇത്. അന്ന് ഇതിനായി പ്രത്യേക നിയമനിർമാണം നടത്തിയാണ് ഈ ഭൂമി ഏറ്റെടുത്തത്. ഈ ഭൂമിയുടെ ഒരു വശത്ത് പള്ളി പണിയാൻ അനുമതി നൽകണമെന്ന് ഏറെക്കാലമായി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഈ ഭൂമിയിൽ ഇനി വേറെ നിർമിതികളുണ്ടാകില്ലെന്നും പൂർണമായും രാമക്ഷേത്രത്തിനായി മാത്രം നൽകുമെന്നും വ്യക്തമായിരിക്കുകയാണ് ഈ നാടകീയ പ്രഖ്യാപനത്തിലൂടെ. ഡൽഹി തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ കൈക്കലാക്കാനുള്ള ബി.ജെ.പി നീക്കമാണ് ട്രസ്റ്റ് രൂപീകരണത്തിന് പിന്നിൽ എന്ന വിമർശനം ഉയർന്ന് കഴിഞ്ഞു.