ബസിടിച്ച് പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യനിലയില്‍ പുരോഗതി; തീറ്റയെടുക്കാന്‍ തുടങ്ങി

 

വയനാട്: കല്ലൂരിൽ ബസിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് വനം വകുപ്പ് ചികിത്സ നല്‍കിയ കാട്ടാനയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന തീറ്റയെടുക്കാനും വെള്ളം കുടിക്കാനും തുടങ്ങി. ബുധനാഴ്ചയാണ് മയക്കുവെടിവെച്ച് കാട്ടാനയ്ക്ക് ചികിത്സ നല്‍കിയത്. മുത്തങ്ങ വനമേഖലയിലുള്ള ആന വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

വയനാട് വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാട്ടുകൊമ്പന് മിനി ബസിടിച്ച് പരിക്കേറ്റത്. രണ്ടുദിവസം സഞ്ചരിക്കാനോ ഭക്ഷണമെടുക്കാനോ കഴിയാതെ വനത്തില്‍ ഒരിടത്ത് ആന നിലയുറപ്പിക്കുകയായിരുന്നു. വലതു കാലിനും, തോളിനും ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ പിന്തുടരുന്നുണ്ടായിരുന്നു. ആനയ്ക്ക് ചികിത്സനല്‍കാന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വനം വകുപ്പ് ശ്രമിച്ചെങ്കിലും ആന അക്രമാസക്തനാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ഫോറസറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍റെ നേതൃത്വത്തിൽ മയക്കുവെടിവെച്ച് ചികിത്സ നല്‍കിയത്.

അപകടത്തിനു ശേഷം കല്ലൂര്‍ 67 ഭാഗത്തെ വനത്തിലായിരുന്ന ആന, ചികിത്സ നല്‍കിയതിനു ശേഷം മുത്തങ്ങ വനമേഖലയിലെത്തിയിട്ടുണ്ട്. ആന കൂടുതല്‍ നടക്കാന്‍ തുടങ്ങിയതോടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ടെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തല്‍.

Comments (0)
Add Comment