സുല്‍ത്താന്‍ബത്തേരി: സമാധാനപരമായ സഹവർത്തിത്വത്തിന് ഉദാഹരണമാണ് കേരളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിൽ മത്സരിക്കാന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്നേഹത്തോടെയും സഹിഷ്ണുതയോടെയും ഒറ്റക്കെട്ടായി കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കണം. നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. വയനാട്ടിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഒന്നും അടിച്ചേൽപ്പിക്കില്ല. സ്നേഹത്തിന്‍റെ പ്രതീകമാണ് വയനാട്. മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. നിങ്ങളുടെ ശബ്ദം മറ്റൊന്നിനും താഴെയല്ലെന്നും ഇന്ത്യയുടെ ശബ്ദമാകണം വയനാടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുദിവസങ്ങളിലേക്കല്ല, ജീവിതകാലം മുഴുവന്‍ നിങ്ങൾക്കൊപ്പം തുടരാനാണ് ഞാൻ ആഗ്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കണ്ണൂരിലെ യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പാപനാശിനിയിലെത്തി പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയിരുന്നു. അതിനുശേഷമാണ് സുല്‍ത്താന്‍ ബത്തേരിയിലെ പ്രചാരണത്തിനായി എത്തിയത്.