എക്സൈസ് വകുപ്പിൽ അനധികൃത സ്ഥാനക്കയറ്റത്തിന് നീക്കം ; മന്ത്രിയുടെ പിഎസും സംഘവും പിരിച്ചെടുത്തത് രണ്ടു കോടിയോളം രൂപ ; അഴിമതി | VIDEO

Jaihind News Bureau
Sunday, November 8, 2020

TP-Ramakrishnan-KTM

 

കോഴിക്കോട് :  എക്സൈസ് വകുപ്പിൽ അനധികൃത സ്ഥാനക്കയറ്റത്തിനായി  ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയും സ്റ്റാഫ് അസോസിയേഷൻ നേതാവും ഇടനിലക്കാരായി പിരിച്ചെടുത്തത് രണ്ടു കോടിയോളം രൂപ. ഹൈക്കോടതി സ്റ്റേ  മറികടന്ന് സീനിയോറിറ്റി ലിസ്റ്റ് പോലും പരിഗണിക്കാതെയാണ് അനധികൃത സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തിരിക്കുന്നത്.

എക്സൈസ് ഇൻസ്പെക്ടർ, അസി. എക്സൈസ് ഇൻസ്പെക്ടർ തസ്തികകളിലേക്കുള്ള ഇരുന്നൂറോളം ഒഴിവുകളിലേക്കാണ്   സ്ഥാനക്കയറ്റം നൽകാനൊരുങ്ങുന്നത്. ഇതിനായി രണ്ടുലക്ഷം രൂപ മുതലാണ്  മന്ത്രി ടി പി രാമകൃഷ്ണന്‍റെ പേർസണൽ സെക്രട്ടറിയും സ്റ്റാഫ് അസോസിയേഷൻ നേതാവും നികുതി വകുപ്പിലെ സെക്ഷൻ ഓഫീസറും ഇടനിലക്കാരായി പിരിച്ചെടുത്തത്.

200 ഒഴിവുകളിലേക്ക് ശുപാർശ ചെയ്യപ്പെട്ടവരിൽ 85 പേർ അനധികൃതമായി 2010ല്‍ നിയമനം നേടിയവരാണ്. 2006-2007 വർഷത്തിൽ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തി കൈക്കൂലി വാങ്ങി ഇല്ലാത്ത തസ്തിക കാണിച്ചും ഇല്ലാത്ത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തും സൂപ്പർ ന്യൂമററിയായി, 2010 ൽ നിയമനം നൽകിയ 85 ഉദ്യോഗസ്ഥരിൽ നിന്നുമാണ് സ്ഥാനക്കയറ്റം നൽകുമെന്ന വാഗ്ദാനത്തോടെ പണം പിരിച്ചെടുത്തത്. നിയമനം തന്നെ ചട്ടവിരുദ്ധമായിരിക്കെയാണ് കോടികൾ കൈക്കൂലി വാങ്ങി ഇവർക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിയുടെ അടുപ്പക്കാർ ശ്രമിക്കുന്നത്.

ഇവരുടെ നിയമനം സംബന്ധിച്ച് ധനകാര്യവകുപ്പിലെ ഇന്‍റലിജൻസ് വിഭാഗം പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഭരണം അവസാനിക്കാനിരിക്കെ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപറത്തി വഴിവിട്ട നിയമനങ്ങളും സ്ഥാനക്കയറ്റവും  നൽകുകയാണ് സർക്കാർ വകുപ്പുകൾ.

https://www.facebook.com/JaihindNewsChannel/videos/799603454157111