മുഖ്യമന്ത്രിയുടെ മുന്‍ പി.എസിന്‍റെ ഭാര്യയുടെ നിയമനം : വി.സിയെ തടഞ്ഞ് കെ.എസ്.യു പ്രതിഷേധം

Jaihind Webdesk
Wednesday, July 14, 2021

തിരുവനന്തപുരം : കേരള സര്‍വകലാശാല മഹാനിഘണ്ടു എഡിറ്ററായി മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ഡോ.പൂര്‍ണിമ മോഹനെ നിയമിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ വൈസ്ചാന്‍സലറെ തടഞ്ഞു. സര്‍വകലാശാലയ്ക്കു മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്‌നീക്കി.

നിയമനത്തിനായി യോഗ്യതകളിൽ മാറ്റം വരുത്തിയ നടപടിയില്‍ വി.സിയോട് കഴിഞ്ഞദിവസം ഗവർണർ വിശദീകരണം തേടിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഓർഡിനൻസിലെ യോഗ്യതയോടൊപ്പം സംസ്കൃതം കൂട്ടി ചേർത്തതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി സമിതി ഡിജിപിയെയും സമീപിച്ചു.

സര്‍വകലാശാല ഓര്‍ഡിനന്‍സ് അട്ടിമറിക്കാനും സിന്‍ഡിക്കേറ്റിനെ തെറ്റിദ്ധരിപ്പിക്കാനും വൈസ് ചാന്‍സലറും രജിസ്ട്രാറും ശ്രമം നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. സംസ്കൃത അധ്യാപികയും മുഖ്യമന്ത്രിയുടെ മുന്‍ പി.എസിന്‍റെ ഭാര്യയുമായ ഡോ.പൂര്‍ണിമക്ക് ലക്സിക്കണ്‍ എഡിറ്ററായി നിയമനം നല്‍കാന്‍ തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു, നിയമ വിരുദ്ധമായി സര്‍വകലാശാല ഓര്‍ഡിനന്‍സിലെ വ്യവ്സഥകള്‍മാറ്റി എന്നാണ് സേവ് യൂണിവേഴ്സിറ്റി സമിതി ആരോപിക്കുന്നത്.

വി.സിയും രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാളം അധ്യാപകനും ചേര്‍ന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ അട്ടിമറിച്ചതെന്നാണ് ആരോപണം ഉയരുന്നത്. ഇതില്‍ക്രമിനല്‍ഗൂഢാലോചന നടന്നുവെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിജിപിക്ക് സേവ് യൂണിവേഴ്സിറ്റി സമിതി പരാതി നല്‍കിയിരിക്കുന്നത്. 2020 ഡിസംബര്‍ 29 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റിലാണ് ലക്സിക്കണ്‍ എഡിറ്ററുടെ നിയമനം വിസി ഉന്നയിച്ചത്. സര്‍വകലാശാല അധ്യാപകരില്‍നിന്ന് ഡെപ്യൂട്ടേഷന്‍വ്യവസ്ഥയില്‍നിയമിക്കാം എന്നായിരുന്നു തീരുമാനം.

എന്നാല്‍ മലയാളം അദ്യാപകര്‍ക്കും വിദഗ്ധര്‍ക്കും മാത്രമായുള്ള തസ്തികയിലേക്ക് സംസ്കൃതം അധ്യാപകര്‍ക്കും അപേക്ഷിക്കാം എന്നുകാണിച്ച് രജിസ്ട്രാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചില്ല, സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍ക്ക് നല്‍കിയുമില്ല. അതിനാല്‍ ഏക അപേക്ഷകകയായ ഡോ.പൂര്‍ണിമയെ അഭിമുഖത്തിന് ക്ഷണിച്ചു.മേയ് ആറാം തീയതിയായിരുന്നു ഇത്. വിജ്ഞാപനം പുറപ്പെടുവിച്ച രജിസ്ട്രാറും ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ വിഷയ വിദഗ്ധനായി പങ്കെടുത്തു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ഡോ.പൂര്‍ണിമയുടെ യോഗ്യത, കാലടി സര്‍വകലാശാലയിലെ ജോലി എന്നിവ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ല. ഇതെല്ലാം അന്വേഷണ പരിധിയില്‍വരണമെന്നാണ് ആവശ്യമുയരുന്നത്.