മുഖ്യമന്ത്രിയുടെ മുന്‍ പി.എസിന്‍റെ ഭാര്യയുടെ അനധികൃത നിയമനം ; യോഗ്യതകൾ തിരുത്തിയ വിജ്ഞാപനം പുറത്ത്

Monday, July 12, 2021

തിരുവനന്തപുരം :  കേരള സർവകലാശാലയിൽ മലയാള നിഘണ്ടു മേധാവിയുടെ യോഗ്യതകൾ തിരുത്തിയ വിജ്ഞാപനം പുറത്ത്. വിജ്ഞാപനത്തിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. യോഗ്യതകളിൽ ഭേദഗതി വരുത്തിയത് ഉന്നതസമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്ന ആക്ഷേപവും ശക്തം.  ചട്ടങ്ങൾ പാലിക്കാതെ സർവകലാശാലയിൽ നടന്ന മലയാള നിഘണ്ടു മേധാവിയുടെ അനധികൃത നിയമനം കഴിഞ്ഞ ദിവസം ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ ഡ്യൂട്ടിയുമായ ആർ. മോഹനന്‍റെ ഭാര്യ, ഡോ:പൂർണിമ മോഹനെ കേരള സർവകലാശാലയിൽ മലയാള മഹാനിഘണ്ടു വിന്റെ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്ലാതിരുന്നിട്ടും ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചട്ടങ്ങൾ പാലിക്കാതെ സർവകലാശാല ഈ അനധികൃത നിയമനം നടത്തിയതെന്ന പരാതിയടക്കം കഴിഞ്ഞ ദിവസം ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഡോ. പൂർണിമ മോഹനെ നിയമിക്കുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മലയാളത്തിലെ ബിരുദാനന്തര ബിരുദയോഗ്യതകളോടൊപ്പം സംസ്കൃത ഭാഷാ ഗവേഷണ ബിരുദം കൂട്ടിച്ചേർത്തതായി കണ്ടെത്തി.

കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപികയായ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കുന്നതു ലക്ഷ്യം വെച്ചായിരുന്നു യോഗ്യത മാനദണ്ഡങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തിയതെന്ന് വ്യക്തമാണ്. ജനുവരി 28 ന് പുറപ്പെടുവിച്ച നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്സിറ്റിയുടെ വകുപ്പുകളിലോ പ്രസിദ്ധീകരിക്കാതിരുന്നതും ദുരൂഹമാണ്.

സർവകലാശാല ഓർഡിനൻസിൽ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ മാറ്റം വരുത്തുവാൻ സർവകലാശാല വിസി ക്കോ സിണ്ടിക്കേറ്റിനോ അധികാരമില്ല. യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്സിക്കൺ മേധാവിയുടെ യോഗ്യതകൾ നിശ്ചയിച്ച് നിയമനം നടത്തിയ വൈസ് ചാൻസലറെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മഹാനിഘണ്ടു മേധാവി സ്ഥാനത്ത് നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതിയും ലഭിച്ചിട്ടുണ്ട് .