വിസ്മയയുടെ മരണം : ഐജി ഹര്‍ഷിത അട്ടലൂരി ഇന്ന് കൊല്ലത്ത് എത്തും

Jaihind Webdesk
Wednesday, June 23, 2021

കൊല്ലം : വിസ്മയ കേസന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടലുരി ഇന്നു നിലമേലിലെ വിസ്മയയുടെ വീട്ടിലും ശാസ്താം കോട്ട പോരുവഴിയിലുമെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

രാവിലെ 11 മണിക്ക് വിസ്മയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്നും നേരിട്ടു വിവരങ്ങൾ ആരായും. തുടർന്ന് പോരുവഴിയിലെത്തുന്ന ഐജി അന്വേഷണ ഉദ്യോഗസ്ഥരുമായി തുടരന്വേഷണത്തെ കുറിച്ച് ചർച്ച നടത്തും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണ നിഗമന സാധ്യത ഉയർന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്തും.

വിസ്മയയുടെ മരണത്തില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതും ഇയാളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള തുടരന്വേഷണങ്ങൾക്കും രൂപം നൽകും.