‘അഴിമതിയുടെ ചുരുളുകള്‍ അഴിയുന്നു; ആത്മാഭിമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം’: കെ സുധാകരന്‍ എംപി

കണ്ണൂർ : സ്വർണ്ണക്കടത്തില്‍ പങ്കുള്ള ഒരു മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍‍ എംപി. അഴിമതിയുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണ്ണം കൊണ്ടുവന്നു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ജനാധിപത്യരാജ്യത്തെ ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ ഇനിയും തുടരണമോയെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിക്കണം. വിഷയത്തില്‍ എൽഡിഎഫിലെ ഘടകകക്ഷികൾ പ്രതികരിക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കേസിലെ മധ്യവർത്തി ശിവശങ്കറാണ്. എന്നിട്ടും ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്ത് കൂടെ നിർത്തുകയാണ് പിണറായി ചെയ്തതെന്നും കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് നേരത്തെ കേസ് എവിടെയും എത്താതെ പോയത്. നേരത്തെ നടന്ന അന്വേഷണം കാര്യക്ഷമമായിരുന്നില്ല. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം. അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണം. മൊഴിയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ അന്വേഷണം അനിവാര്യമാണ്. സ്വപ്നയ്ക്ക് സുരക്ഷ കൊടുക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment