അവതാരങ്ങളുടെ ചാകരക്കാലം; സ്വപ്ന പറഞ്ഞത് തെറ്റെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്ത്?: ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, June 28, 2022

 

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കേസിലെ പ്രതി സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ തയാറാകുന്നില്ലെന്ന് ഷാഫി പറമ്പില്‍. മടിയിൽ കനമില്ലെന്നോ വഴിയിൽ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങൾക്ക് അറിയേണ്ടത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍

”മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ, സ്വപ്ന പറയുന്നത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ല? സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ ഫ്ലാറ്റിൽനിന്ന് വിജിലൻസ് പിടിച്ചു കൊണ്ടുപോയി. ഇത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ശ്രദ്ധ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ലോക്കൽ പൊലീസിനെ അറിയിക്കാതെ പാലക്കാട്ടെ വിജിലൻസിന് പിടിച്ചു കൊണ്ടുപോകാൻ അനുമതി നൽകിയത് ആരെന്ന് അറിയാൻ ജനത്തിന് ആഗ്രഹമുണ്ട്. സ്വപ്ന രഹസ്യമൊഴി കൊടുത്തതു കൊണ്ടാണ് ഈ നടപടി എന്നറിയാൻ കവടി നിരത്തേണ്ട കാര്യമില്ല” – ഷാഫി പറമ്പില്‍ പറഞ്ഞു.

സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സംഘം രൂപീകരിച്ച് വെപ്രാളം കാണിക്കുന്നത് എന്തിനാണെന്ന് ഷാഫി  പറമ്പില്‍ ചോദിച്ചു. തന്‍റെ കാലത്ത് അവതാരങ്ങൾ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി മുമ്പ് പറഞ്ഞിരുന്നു. എന്നാലിപ്പോൾ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരൺ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ഷാജ് കിരണിന് പോലീസ് അവസരമൊരുക്കി. സ്വപ്നക്കെതിരെ കേസ് എടുത്ത പോലീസ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ചിട്ടും ഷാജ് കിരണിനെതിരെ കേസ് എടുക്കുന്നില്ല. ഷാജ് കിരൺ എന്ന അവതാരവുമായി ഫോണിൽ സംസാരിക്കാൻ എഡിജിപിക്ക് എന്ത് ബന്ധമാണുള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടിയല്ല എഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെങ്കിൽ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നൽകിയതെന്നു ഷാഫി ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിപക്ഷം അവരുടെ അടുക്കളയില്‍ വെച്ചു വേവിച്ച വിവാദമോ കേസോ അല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.