പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനവിരുദ്ധ നടപടികളെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മോദി പറഞ്ഞത് രണ്ടുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. എങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞദിവസം ആള്‍വാര്‍ ജില്ലയില്‍ നാല് യുവാക്കള്‍ ആത്മഹത്യ ചെയ്തു എന്നതിന് നരേന്ദ്ര മോദി ഉത്തരം പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ജില്ലയില്‍ നാല് സുഹൃത്തുക്കള്‍ ട്രെയിനിന് മുന്നില്‍ ചാടിയത്. തൊഴിലില്ലായ്മയില്‍ മനംനൊന്താണ് ഈ യുവാക്കള്‍ ആത്മഹത്യചെയ്തതെന്ന് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രധാനമന്ത്രി നടത്തുന്ന എല്ലാ പ്രസംഗങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം അനില്‍ അംബാനിയെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഭാരത മാതാവിനെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരെ മറക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?’ രാഹുല്‍ ചോദിച്ചു. 3.5ലക്ഷം കോടിയുടെ ലോണ്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍, കര്‍ഷകരുടെ ഒരുരൂപയുടെ ലോണ്‍ ബാധ്യതപോലും കുറയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ല.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറെയാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ വായ്പാബാധ്യതകള്‍ കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.