400 സീറ്റ് നല്‍കിയാല്‍ ബിജെപി ഭരണഘടനയും ഒഴിവാക്കിയേനെ; പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമ ഉള്‍പ്പെടെ മാറ്റിയതില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ പ്രതിമകൾ മാറ്റി സ്ഥാപിച്ചതില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ഛത്രപതി ശിവജി തുടങ്ങിയവരുടെ പ്രതിമകളാണ് പാര്‍ലമെന്‍റ് പരിസരത്തു നിന്ന് നീക്കം ചെയ്തത്. പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ പ്രാധാന്യമേറിയ ഭാഗത്ത് സ്ഥാപിച്ചിരുന്ന പ്രതിമകൾ അവിടെ നിന്ന് മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു.

ആദിവാസി നേതാവ് ബിർസ മുണ്ടയുടെയും മഹാറാണാ പ്രതാപിന്‍റെയും പ്രതിമകൾ ഇപ്പോൾ പഴയ പാർലമെന്‍റ് മന്ദിരത്തിനും പാർലമെന്‍റ് ലൈബ്രറിക്കും ഇടയിലുള്ള പുൽത്തകിടിയിലാണ്. മഹാരാഷ്‌ട്രയിലെ വോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നപ്പോൾ ശിവാജിയുടെയും അംബേദ്‌ക്കറിന്‍റെയും പ്രതിമകൾ പാർലമെന്‍റിലെ പ്രാധാന്യമേറിയ സ്ഥലത്തുനിന്ന് നീക്കം ചെയ്‌തെന്ന് കോൺഗ്രസിന്‍റെ മാധ്യമ വിഭാഗം ചെയർമാന്‍ പവൻ ഖേര പറഞ്ഞു. ഗുജറാത്തിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ അവർ മഹാത്മാഗാന്ധിയുടെ പ്രതിമ നീക്കം ചെയ്‌തു. 400 സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ അവർ ഭരണഘടനയെ ഒഴിവാക്കുമായിരുന്നോ എന്നും പവന്‍ ഖേര ചോദിച്ചു.

പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനം ഈ മാസം നടക്കാനിരിക്കെ പാർലമെന്‍റിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സംവിധാൻ സദൻ എന്ന് പേരിട്ട പഴയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഗേറ്റ് അഞ്ചിലേക്ക് പ്രതിമകൾ മാറ്റിയത്. പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും എത്തുന്ന ഭാഗത്ത് വലിയ പുൽത്തകിടിയുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമകൾ എടുത്തു നീക്കിയത്. അതേസമയം പാർലമെന്‍റ് വളപ്പിലെ വിവിധ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ സന്ദർശകർക്ക് ഈ പ്രതിമകൾ സൗകര്യപ്രദമായി കാണാൻ കഴിയുന്നില്ലെന്നും അതിനാലാണ് മാറ്റി സ്ഥാപിക്കുന്നത് എന്നുമാണ് ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ വിശദീകരണം.

Comments (0)
Add Comment