ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ സര്‍ക്കാർ രൂപീകരിക്കാന്‍ ശ്രമിക്കും: നിലപാട് വ്യക്തമാക്കി എന്‍.സി.പി

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതിന് പിന്നാലെ പ്രതികരണവുമായി എന്‍.സി.പി. മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പി – ശിവസേന സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷെ അവർക്ക് അതിന് കഴിയുന്നില്ലെങ്കില്‍ തീർച്ചയായും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും. എന്‍.സി.പി വക്താവ് നവാബ് മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സര്‍ക്കാർ രൂപീകരിക്കാന്‍ ഗവർണർ ഭഗത് സിങ് കോഷിയാരി ബി.ജെ.പിയെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ നിയമസഭയുടെ കാലാവധി അവസാനിച്ചതിന് ശേഷവും പുതിയ സർക്കാര്‍ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലാണ് ഗവർണർ ബി.ജെ.പിയെ സര്‍ക്കാർ രൂപീകരിക്കാന്‍ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവസേനയുമായുള്ള തർക്കാം പരിഹരിക്കാനായില്ലെങ്കില്‍ ബി.ജെ.പി പരുങ്ങലിലാകും.

ബിജെപി–ശിവസേനാ സർക്കാർ രൂപീകരണം അനിശ്ചിതമായി നീളുന്നതും മറ്റ് സമവാക്യങ്ങള്‍ക്ക് അന്തിമരൂപമാകാത്തതുമാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കുന്നത്. ശിവസേന മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും സർക്കാരിന്‍റെ കാലാവധിയുടെ പകുതി സമയം മുഖ്യമന്ത്രി പദവി പങ്കുവെക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. സര്‍ക്കാരിന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് രാജി സമർപ്പിച്ചിരുന്നു. ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രിയാണ് ഫഡ്നാവിസ്.

288 അംഗ നിയമസഭയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്. എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44ഉം സീറ്റുകളുണ്ട്. അതേസമയം രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നാലെ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം രൂക്ഷമായി. ശിവസേനയെ രൂക്ഷമായി കുറ്റപ്പെടുത്തിയാണ് ഫഡ്നാവിസ് രാജിവെച്ചത്. വാക്ക് തെറ്റിച്ച ബി.ജെ.പി ജനങ്ങളുടെ മുന്നിൽ തന്നെ കള്ളനാക്കാൻ നോക്കുകയാണെന്നും അമിത് ഷായിൽ വിശ്വാസമില്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും തുറന്നടിച്ചു.

MaharashtrancpNawab Malik
Comments (0)
Add Comment