മോദിയുടെ ‘രക്ഷകന്‍’ സി.ബി.ഐയിലേക്ക് പോകുമെങ്കില്‍ അനുഗ്രഹമാകുന്നത് പിണറായിക്ക്

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തിലേക്കുള്ള പട്ടികയില്‍ കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനായ ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏറ്റവും അടുത്തയാളാണ്. ഗുജാറത്തിലെ ഇസ്രത് ജഹാന്‍ കേസില്‍ മോദിക്കുവേണ്ടിയും അമിത് ഷായ്ക്ക് വേണ്ടിയും ഇടപെട്ടതിനുള്ള പ്രതിഫലമായാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള പട്ടികയില്‍ ബെഹ്‌റയെ ഉള്‍പ്പെടുത്തിയത്.

മോദിക്കും പിണറായിക്കുമിടയിലെ പാലമെന്ന വിമര്‍ശനമുള്ള ബെഹ്‌റയുടെ സി.ബി.ഐയിലേക്കുള്ള മാറ്റം ഒരേസമയം അനുഗ്രഹമാകുന്നത് പിണറായിക്കുമാണ്. മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് സീനിയോറിറ്റി മറികടന്നും ബെഹ്‌റയ്ക്ക് പോലീസ് മേധാവി സ്ഥാനം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്‍.ഐ.എ ഓഫീസറായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ലഭിച്ച പ്രത്യുപകാരമാണ് പോലീസ് മേധാവി പദവിയെന്ന ആരോപണം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ഉന്നയിച്ചിരുന്നു.

ഇസ്രത്ത് ജഹാന്‍ വധക്കേസില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടായിരുന്നു ബെഹ്‌റ നല്‍കിയിരുന്നത്. ഇത് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോള്‍ താന്‍ കണ്ടതാണെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ബെഹ്‌റ അന്ന് നല്‍കിയ റിപ്പോര്‍ട്ട് ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായി അദ്ദേഹത്തെ ഡിജിപിയാക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
ലോക്‌നാഥ് ബെഹ്‌റ സി.ബി.ഐയിലേക്ക് പോകുകയാണെങ്കില്‍ അനുഗ്രഹമാകുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂടിയാണ്. ലാവ്‌ലിന്‍ കേസ് ജനുവരി രണ്ടാംവാരം സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

സീനിയോറിറ്റി ലിസ്റ്റിലെ നാല് ഉദ്യോഗസ്ഥരെ മറികടന്നാണ് ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന ഡി.ജി.പിയായി നിയമിക്കാന്‍ പിണറായി പ്രത്യേക താല്‍പര്യമെടുത്തത്.  ലഷ്‌കറെ തൊയ്യിബയുമായി ബന്ധമുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അമേരിക്കന്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ അയച്ചതിനുശേഷം എന്‍.ഐ.എയുടെ സുപ്രധാന ദൗത്യങ്ങളില്‍ നിന്നും ബെഹ്‌റയെ മാറ്റിനിര്‍ത്തിയിരുന്നതായി എന്‍.ഐ.എ വൃത്തങ്ങള്‍ തന്നെ സൂചന നല്‍കുന്നു. എന്‍.ഐ.എയില്‍ നിന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ട വന്ന സാഹചര്യവും ബെഹ്‌റയ്ക്കുണ്ടായിരുന്നുവെന്നും മുല്ലപ്പള്ളിയുടെ ആരോപണത്തിന് ഇതുവരെ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ആയിട്ടില്ല.

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ പിണറായി കേരളത്തിലെത്തി ആദ്യമെടുത്ത തീരുമാനം ബെഹ്‌റയെ പോലീസ് മേധാവിയായി നിയമിക്കലായിരുന്നു. ഇത്രയധികം ആരോപണങ്ങള്‍ നേരിടുന്ന ലോക്‌നാഥ് ബെഹ്‌റയുടെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തിലേക്കുള്ള ശിപാര്‍ശയെ സംശയദൃഷ്ടിയോടെയാണ് പ്രതിപക്ഷം നോക്കിക്കാണുന്നത്.

മോദിpinarayi vijayanloknath behranarendra modiCBICBI Director
Comments (0)
Add Comment