വിദേശ ഫണ്ടുകള്‍ തടഞ്ഞുവച്ചാല്‍ ലോകരാജ്യങ്ങളില്‍ പ്രശനങ്ങള്‍ ഉണ്ടാകും : താലിബാന്‍

Jaihind Webdesk
Sunday, October 31, 2021

കാബൂള്‍ : അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണമെന്ന് താലിബാന്‍. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളോടാണ് തങ്ങളുടെ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടത്. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെയൊന്നാകെ ബാധിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

‘അമേരിക്കയോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍, അഫ്ഗാനിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് അഫ്ഗാനില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന് കരുതരുത്. അത് ലോകത്തിന്റെയാകെ പ്രശ്‌നമായി മാറും’, താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍റ ഭരണം ഏറ്റെടുത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ലോകരാജ്യങ്ങള്‍ അഫ്ഗാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇപ്പോള്‍.

സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളിലും പുറത്തും വിദേശ പ്രതിനിധികള്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചൈന തുര്‍ക്കി പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തുകയും അഫ്ഗാനിസ്താന് പിന്തുണ വാദ്ഗാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈന അഫ്ഗാന്‍ സര്‍ക്കാരിന് സാമ്പത്തിക പിന്തുണയും വാദ്ഗാനം ചെയ്തിട്ടുണ്ട്.