പ്രതിഷേധം അക്രമാസക്തമായാല്‍ വെടിവെച്ചിടണം : വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി

Jaihind News Bureau
Tuesday, December 17, 2019

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി. പ്രതിഷേധം അക്രമാസക്തമായാല്‍ വെടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അക്രമം നടത്തുന്നവർക്കെതിരെ വെടിയുതിർക്കാന്‍ ജില്ലാ ഭരണാധികാരികള്‍ക്കും റെയില്‍വേ അധികൃതർക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

ചില ദേശവിരുദ്ധര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്ന ഇത്തരക്കാരെ കണ്ടാൽ തന്നെ വെടിവെച്ച് കൊല്ലാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കുന്നവർ ദേശദ്രോഹികളാണെന്നും ശക്തമായ നടപടികളാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും സുരേഷ് അംഗഡി വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ട്രെയിനുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

പൗരത്വ ഭേദഗതി ബില്ലിനെ രാജ്യം ഒറ്റക്കെട്ടായി എതിർക്കുമ്പോള്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെപ്പോലും ചോരയില്‍ കുതിര്‍ക്കാന്‍ ആഹ്വാനം നല്‍കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. അംഗഡിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം രാജ്യമൊട്ടാകെ വന്‍ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.