പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും വിചിത്ര നടപടിയുമായി കേരള പോലീസ്. ബിജെപിയുടെ ജനജാഗ്രത സദസ്സ് നടക്കുമ്പോൾ കടകളടച്ചാൽ കർശന നടപടിയെന്ന് കാട്ടിയാണ് പോലീസ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയത്. ഇതോടെ ആഭ്യന്തര വകുപ്പിന്റെ നടപടികളിൽ ദുരൂഹതയുണർത്തുന്നു.
ബിജെപി ജനജാഗ്രത സമ്മേളനം സംഘടിപ്പിക്കുന്ന ദിവസം കടകളടക്കരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ് ഇടുക്കിയിലെ കരിമണ്ണൂർ പോലീസാണ് ഇത്തരത്തിൽ കടകളിലെത്തി നോട്ടീസ് നൽകിയത്.
പോലീസ് വാഹനത്തിൽ നേരിട്ടെത്തി നോട്ടീസ് വിതരണം ചെയ്തത് ഏറെ വിവാദമായിരിക്കുകയാണ്. ബിജെപി സമ്മേളനവും പ്രകടനവും നടക്കുമ്പോൾ മുൻകൂർ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹർത്താൽ നടത്തരുതെന്നും, വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്. പോലീസിന്റെ ഈ നടപടി പിണറായി സർക്കാരിന്റെ പൗരത്വ നടപടികളിൽ ഏറെ ദുരൂഹതയുണർത്തുന്നു.