എം.എം മണി കടലാസ് സംഘങ്ങളുണ്ടാക്കി ഇഷ്ടക്കാർക്ക് കോടികളുടെ സർക്കാർ ഭൂമി കൈമാറി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടുക്കി ഡിസിസി

Jaihind Webdesk
Thursday, February 17, 2022

ഹൈഡൽ ടൂറിസം അഴിമതി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഇടുക്കി ഡിസിസി. മന്ത്രി എംഎം മണി സ്വന്തക്കാർക്കും പാർട്ടിക്കാർക്കുമായി കടലാസ് സംഘങ്ങളുണ്ടാക്കി കോടികളുടെ സർക്കാർ ഭൂമി കൈമാറിയ സാഹചര്യത്തിൽ മണി എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നുമാണ് കോൺഗ്രസ്സ് ആവശ്യപ്പെടുന്നത്.

ഹൈഡൽ ടൂറിസം പദ്ധതികളിൽ അഴിമതി നടന്നുവെന്ന് വൈദ്യുതി ബോർഡ് ചെയർമാന്‍റെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. ഈ അഴിമതിയിൽ മുൻ വൈദ്യുതി മന്ത്രി എംഎം മണിക്ക് പങ്കുണ്ടെന്ന് അന്നു തന്നെ യൂത്ത്കോൺഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. പൊന്മുടി, ആനയിറങ്കൽ, മൂന്നാർ മാട്ടുപ്പെട്ടി,ചെങ്കുളം, കല്ലാർകുട്ടി, ബാണാസുരസാഗർ എന്നീ സ്ഥലങ്ങളിലാണ് ടൂറിസം പദ്ധതികൾ ആരംഭിക്കാൻ കോ ഓപ്പേററേറ്റിവ് സൊസൈറ്റികൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും എംഎം മണി മന്ത്രിയായിരിക്കേ കരാർ നൽകിയത്.

സിപിഎം നിയന്ത്രണത്തിലുള്ള കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കുമാണ് ഈ കാരാറുകൾ ലഭിച്ചത്. ഇതിലെ പല സൊസൈറ്റികളും കടലാസ് സൊസൈറ്റികളായിരുന്നുവെന്ന് പകൽ പോലെ വ്യക്തമാണ്.

ആനയിറങ്കലിൽ മൾട്ടിഡയമൻഷണൽ തീയേറ്റർ ആൻഡ് ഹൊറർ ഹൗസിനായി കരാർ നൽകിയത് ടെൻഡർ നടപടിക്ക് 16 ദിവസം മുൻപ് മാത്രം രൂപീകരിച്ച ‘സ്പർശം’ എന്ന തട്ടിക്കൂട്ട് ടൂറിസം ചാരിറ്റബിൾ സൊസൈറ്റിക്കാണ്. ആനയിറങ്കലിൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ കെഎസ്ഇബി തീരുമാനമെടുത്തതിന് ശേഷമാണ് പെരുമ്പാവൂരിലെ സിപിഎം നേതാക്കളുടെ പേരിൽ ഈ സൊസൈറ്റി റജിസ്റ്റർ ചെയ്തതുതന്നെ. കോടികൾ മുതൽ മുടക്കുള്ള ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള ആസ്തി ഈ സൊസൈറ്റിക്കുണ്ടോ എന്നുപോലും പരിശോധിക്കാതെയാണ് കരാർ നൽകിയത്. സൊസൈറ്റി ഇപ്പോൾ പദ്ധതിപ്രദേശത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പണം വരുന്നത് എവിടെ നിന്നാണെന്നും എം.എം. മണിയുടെ അടുപ്പകാർക്ക്‌ ഈ സൊസൈറ്റിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.

പൊന്മുടിയിൽ എം.എം. മണിയുടെ മരുമകൻ പ്രസിഡന്‍റായ ബാങ്കിന് 15 വർഷത്തേക്ക് 21 ഏക്കർ ഭൂമിയാണ് പാട്ടത്തിന് നൽകിയിരിക്കുന്നത്. ഈ ഭൂമി സർക്കാർ പുറമ്പോക്കാണെന്നും വൈദ്യുതി ബോർഡ് നിയമവിരുദ്ധമായിട്ടാണ് ഈ ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നതെന്നും അന്നു തന്നെ ആരോപണം ഉണ്ടായിരുന്നു. ഇതുശരിവച്ച് ഉടുമ്പഞ്ചോല തഹസീൽദാർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലും ഈ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഭൂമിയാണ് അമ്യുസ്‌മെന്റ് പാർക്ക് സ്ഥാപക്കാനായി കെഎസ്ഇബി ബാങ്കിനു നൽകിയിരിക്കുന്നത്. സ്‌പൈസ്സസ് ടൂറിസത്തിന്റെ പേരിൽ ഈ സ്ഥലത്ത് ഇപ്പോൾ ഏലം കൃഷി ചെയുന്നതായി ആരോപണമുണ്ട്. ഇതിന് വൈദ്യുതി ബോർഡിന്റെ അനുമതിയുണ്ടോയെന്നു വ്യക്തമാക്കണം. കല്ലാർകുട്ടിയിൽ ഹൈഡൽ ടൂറിസം സെന്റർ കരാർ നൽകിയിരിക്കുന്നത് മുതിരപ്പുഴ ടൂറിസം ഡവലപ്പ്മെന്‍റ് സൊസൈറ്റി എന്ന സ്ഥാപനത്തിനാണ്. ഈ സൊസൈറ്റിയും സിപിഎം നേതാക്കളുടെ പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കെഎസ്ഇബിക്ക് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന തരത്തിലാണ് ഈ കരാറുകളിലെ വ്യവസ്ഥകളെല്ലാം. സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന് കെഎസ്ഇബി ഭൂമി പാട്ടത്തിന് നൽകി ആരംഭിച്ച മൂന്നാർ ഹൈഡൽ പാർക്കിന്റെ കരാർ നഷ്ടമാണെന്നു വിലയിരുത്തി അടുത്തിടെ ഹൈഡൽ ടൂറിസം ഡയറക്ടർ റദ്ദ് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശിയാണ് ഈ ബാങ്കിന്റെ പ്രസിഡന്റ്. ഇദ്ദേഹത്തിന്‍റെ മകനാണ് ഹൈഡൽ ടൂറിസം പാർക്കിന്‍റെ അസിസ്റ്റന്റ് മാനേജർ. ഇവിടെ നിന്നും 10 ടിക്കറ്റ് മെഷീനുകൾ കാണാതായിരുന്നു.

ഇതേകുറിച്ച് നാളിതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല. ഈ സംഭവത്തെക്കുറിച്ചും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കാണാതായ മെഷീൻ ഉപയോഗിച്ച് ഇപ്പോഴും ടിക്കറ്റ് വില്പന നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണം. പദ്ധതികളിലെ അഴിമതി മറയ്ക്കാനായി വിവരാവകാശ നിയമത്തിൽ നിന്നും തങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന വിചിത്രമായ വാദമാണ് ഹൈഡൽ ടുറിസം സെന്റർ ഇപ്പോൾ ഉന്നയിക്കുന്നത്. വൈദ്യുതി മന്ത്രിയായിരുന്ന കാലയളവിൽ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും കരാർ ലഭിക്കാനും നിയമവിരുദ്ധ നിർമാണങ്ങൾ നടത്താനും എം.എം. മണി നടത്തിയ അധികാര ദുർവിനിയോഗത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്നാണു് ഇടുക്കി ഡിസിസി ആവശ്യപ്പെടുന്നത്.