അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് , ഇടുക്കി അണക്കെട്ട് തുറന്നുവിടും

Jaihind Webdesk
Saturday, October 6, 2018

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നു. ഇടുക്കി ഡാം ഇന്ന് 11 മണിക്ക് തുറക്കും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നു. സെക്കൻഡിൽ 50000 ലിറ്റർ വെള്ളം ഒരു ഷട്ടർ തുറന്ന് പുറത്തേക്ക് വിടും. രാവിലെ കളക്ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷമാവും ഷട്ടർ തുറക്കുക.

പെരിയാറിൻറെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ വെള്ളിയാഴ്ച വൈ കുന്നേരം നാലോടെ തുറക്കാൻ ജില്ലാ ഭരണകൂടം വൈദ്യുതി ബോർഡിന് അനുമതി നൽകിയിരുന്നെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ തീരുമാനം നീ ട്ടിവയ്ക്കുകയായിരുന്നു. അതിതീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഇടുക്കി പദ്ധതി പ്രദേശത്തും മഴ കുറവായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അണക്കെട്ട് തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഉന്നതതല യോഗത്തിനു ശേഷം അണക്കെട്ട് തുറന്നാൽ മതിയെന്ന തീരുമാനത്തിൽ അധികൃതർ പിന്നീട് എത്തി. തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് ശനിയാഴ്ച രാവിലെ 11 ന് അണക്കെട്ട് തുറക്കാൻ തീരുമാനമായത്.