ഐസിഎംആറിന് കൊവാക്സിന്‍റെ 5% റോയല്‍റ്റി ; വിലവർധനയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ

Jaihind Webdesk
Monday, August 2, 2021

ന്യൂഡൽഹി : ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിന്‍റെ 5 ശതമാനം റോയൽറ്റി ഐസിഎംആർ വാങ്ങുന്നതിൽ പ്രതിഷേധം. റോയൽറ്റി ഒഴിവാക്കിയാൽ വാക്സിന്‍റെ വില കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഐസിഎംആറിന്‍റെ റോയൽറ്റിയ്ക്കെതിരെ വിദഗ്ധർ രംഗത്തെത്തുകയും ചെയ്തു. നിലവിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ വില കോവാക്സിനാണ്. 1410 രൂപയാണ് കൊവാക്സിന്‍റെ വില.

ഐസിഎംആറിന്‍റെ റോയൽറ്റി കൊവാക്സിൻ വിലയിൽ കാര്യമായി പ്രതിഫലിക്കുന്നുവെന്നും ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊവാക്സിനിലെ ലാഭം പങ്കുവെക്കുന്ന കാര്യത്തിൽ സർക്കാരും കമ്പനിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് അമൂല്യ നിധി ഓഫ് ജൻ സ്വസ്ത്യ അഭിയാൻ ആരോപിച്ചു.

രാജ്യം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത്, പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ രാജ്യത്തെ പൗരന്മാർക്ക് വാക്സിൻ വില കുറച്ചു നൽകുന്നതിന് പകരം റോയൽറ്റിയിലൂടെ വില വർധിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കൊവിഡ് ദുരന്തനിവാരണത്തിനായി ഏൽപ്പിച്ച സർക്കാർ സ്ഥാപനങ്ങളായ ഐ.സി.എം.ആറിനെ പോലുള്ളവ വരുമാന സ്രോതസ്സുകളല്ല. റോയൽറ്റിക്ക് പകരം വാക്സിൻ സാങ്കേതിക വിദ്യ വാക്സിൻ നിർമിക്കാൻ സാധിക്കുന്ന എല്ലാ കമ്പനികളുമായും പങ്കുവെക്കാൻ നിർദേശിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാക്സിൻ വികസിപ്പിക്കുന്നതിൽ ഭാരത് ബയോടെകിനൊപ്പം ഐസിഎംആറും പങ്കാളിയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റോയൽറ്റിയുടെ 5 ശതമാനം ഐസിഎംആറിന് നൽകുന്നത്.