നിപയക്ക് ദക്ഷിണേന്ത്യന്‍ വകഭേദമെന്ന് ഐസിഎംആർ പഠനം ; നിരീക്ഷണ സംവിധാനമൊരുക്കണം

Jaihind Webdesk
Saturday, September 11, 2021


കോഴിക്കോട് : നിപ വൈറസിന് ദക്ഷിണേന്ത്യന്‍ വകഭേദമുണ്ടെന്ന ഐസിഎംആർ പഠന റിപ്പോർട്ട് സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ചർച്ചയാകുന്നു. നിപ്പ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിരീക്ഷണങ്ങൾക്കുള്ള സംവിധാനമൊരുക്കണമെന്നും പഠന റിപ്പോർട്ടിലുണ്ട്.

2018ൽ കോഴിക്കോട്ട് സ്ഥിരീകരിച്ച നിപ്പ മനുഷ്യനിലെത്തിയതു വവ്വാലുകളിൽ നിന്നു തന്നെയാണെന്ന് ഐസിഎംആർ 2019ൽ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 2019ൽ എറണാകുളത്തു വിദ്യാർഥിക്കു നിപ്പ സ്ഥിരീകരിച്ച സംഭവത്തിലും പഴംതീനി വവ്വാലുകൾ തന്നെയാണു രോഗവാഹകരെന്നും ഐസിഎംആർ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്‍റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്‍റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ നിപ്പ വൈറസിന്റെ പുതിയ വകഭേദം (ഇന്ത്യ ഐ) വ്യാപിക്കുന്നുണ്ടാകാമെന്ന് പഠനം പറയുന്നു.