ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ‘രക്ഷാമിഷന്‍’ ആദ്യ വിമാനം പറന്നു : ആദ്യഘട്ടത്തില്‍ 2 ദിവസത്തിനകം 5 വിമാനങ്ങള്‍ ; രണ്ടാം ഘട്ടം ഒരാഴ്ചക്കുള്ളില്‍

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കണ്ണൂരിലേക്ക് പറന്നു. 189 യാത്രക്കാരും മൂന്ന് കുട്ടികളും ഉള്‍പ്പടെ ആകെ 192 പേരാണ് ദുബായില്‍ നിന്നും പറന്നത്. ‘ IAS രക്ഷാമിഷന്‍’ ആദ്യഘട്ടത്തിലെ അഞ്ച് വിമാനങ്ങളിലെ ആദ്യത്തേതാണിത്.

ദുബായ് ടെര്‍മിനല്‍ രണ്ടില്‍ നിന്നും കണ്ണൂരിലേക്കാണ് ആദ്യ വിമാനം പറന്നത്. ബുധാനാഴ്ച പുലര്‍ച്ചെ 192 യാത്രക്കാരുമായിട്ടായിരുന്നു യാത്ര. ഇനി രണ്ടാമത്തെ വിമാനം 189 പേരുമായി കോഴിക്കോട്ടേക്ക് പറക്കും. ബുധനാഴ്ച രാത്രി ഏഴിനാണിത്. മൂന്നാമത്തെ വിമാനം കൊച്ചിയിലേക്ക് ബുധനാഴ്ച രാത്രി 10.50 ന് 189 യാത്രക്കാരുമായി പുറപ്പെടും. അതേസമയം വ്യാഴാഴ്ചയും രണ്ട് വിമാനങ്ങളുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറിന് നാലാമത്തെ വിമാനം തിരുവന്തപുരത്തേക്കാണ്.  രാത്രി ഏഴിന് 189 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനം കൊച്ചിയിലേക്ക് വീണ്ടും സര്‍വീസ് നടത്തും. ആദ്യഘട്ടത്തിലെ എല്ലാ വിമാനങ്ങളും ഫ്‌ളൈ ദുബായ് വിമാനങ്ങളാണ്.

ഇതിനിടെ യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പേനയും ടിഷ്യൂ ബോക്‌സും ഉള്‍പ്പടെയുള്ള കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. 950 ദിര്‍ഹം എന്ന ഏറ്റവും കുറഞ്ഞ ചാര്‍ട്ടേര്‍ഡ് നിരക്കിലാണ് ഈ സര്‍വീസ് നടത്തുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.പി ജോണ്‍സണ്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. അതേസമയം രണ്ടാംഘട്ടം ഒരാഴ്ചക്കുള്ളില്‍ സര്‍വീസ് നടത്താനാകുമെന്നും അദേഹം അറിയിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അഡ്വക്കേറ്റ് വൈ.എ റഹിം, ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലിശേരി, ആക്ടിംഗ് ട്രഷറര്‍ ഷാജി ജോണ്‍, ജോയിന്‍റ് സെക്രട്ടറി ശ്രീനാഥ് മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുളളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Comments (0)
Add Comment