ഐഎഎസ് കോച്ചിംഗ് സെന്‍റർ അപകടം; മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അവ്യക്തത, ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു

 

ന്യൂഡല്‍ഹി: ഡല്‍ഹി റാവൂസ് സിവില്‍ അക്കാദമിയില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അവ്യക്തതയെന്ന് ആരോപണം. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. കടുത്ത പ്രതിഷേധം തുടരുന്നു. അതേസമയം കെട്ടിടം പ്രവര്‍ത്തിച്ചത് ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. ബേസ്‌മെന്‍റില്‍ അനുമതി ഉണ്ടായിരുന്നത് പാര്‍ക്കിംഗിന് മാത്രമാണ്. സംഭവത്തില്‍ ഉടമയടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. അതേസമയം മലയാളി വിദ്യാര്‍ത്ഥി നെവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ചെറിയൊരു മഴ പെയ്താല്‍ തന്നെ ഡല്‍ഹി നഗരം വെള്ളക്കെട്ടിലാകും. അടിപ്പാതകള്‍ മുങ്ങും. ശനിയാഴ്ച കരോള്‍ബാഗ് മേഖലയില്‍ അര മണിക്കൂറാണ് കനത്ത മഴ പെയ്തത്. എന്നാല്‍, ആ മഴയില്‍തന്നെ രണ്ടടിയോളം മഴവെള്ളവും ഓടകളിലെ മലിനജലവും കയറി. ഗതാഗതം നിലച്ചു. കാലവര്‍ഷം മുന്നില്‍ കണ്ട് ഡ്രെയിനേജുകള്‍ ശുചിയാക്കുന്നതിലെ അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചത്. കരോള്‍ബാഗ്, ഓള്‍ഡ് രാജേന്ദ്രനഗര്‍ മേഖലകള്‍ കോച്ചിംഗ് സെന്‍ററുകളുടെ കേന്ദ്രമാണ്. സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് പുറമെ നീറ്റ്, ജെഇഇ, ക്ലാറ്റ്, ക്യാറ്റ് തുടങ്ങി നിരവധി പ്രവേശനപരീക്ഷകളുടെ കോച്ചിംഗ് സെന്‍ററുകളുമുണ്ട്.

ശനിയാഴ്ച ദുരന്തമുണ്ടായ കോച്ചിംഗ് സെന്‍ററില്‍ ഒരാഴ്ച മുമ്പും സമാനമായി മഴവെള്ളം ഇരച്ചുകയറിയിരുന്നു. നിയമപ്രകാരം ബേസ്മെന്‍റുകള്‍ പാര്‍ക്കിംഗിനും സാധനങ്ങള്‍ സൂക്ഷിക്കാനും മാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍ ദുരന്തമുണ്ടായ റാവു സ്റ്റഡി സെന്‍ററിന്‍റെ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത് ബേസ്മെന്‍റിലാണ്. സംഭവത്തില്‍, ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് അന്വേഷണത്തിനായി വിവിധ സംഘങ്ങള്‍ക്ക് രൂപം നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ലെഫ്. ഗവര്‍ണറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Comments (0)
Add Comment