ഐഎഎസ് കോച്ചിംഗ് സെന്‍റർ അപകടം; നെവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

 

തിരുവനന്തപുരം: ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്‍ററിന്‍റെ ഭൂഗർഭനിലയിൽ വെള്ളം നിറഞ്ഞു മുങ്ങിമരിച്ച  ജെഎൻയു ഗവേഷണ വിദ്യാർത്ഥിയായ നെവിൻ ഡാൽവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാത്രി 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവന്ന നെവിന്‍റെ മൃതദേഹം മന്ത്രി വി. ശിവൻകുട്ടിയും ഐ.ബി. സതീഷ് എംഎൽഎയും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം മലയിൻകീഴിന് സമീപം പിടാരം തച്ചോട്ടുകാവിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുവന്നു. പത്തുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പോലീസ് അസിസ്റ്റന്‍റ് കമൻഡാന്‍റ് ആയി വിരമിച്ച ഡാൽവിൻ സുരേഷിന്‍റെയും
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ജ്യോഗ്രഫി വിഭാഗം മുൻ മേധാവി ഡോ. ലാൻസലറ്റിന്‍റെയും മകനാണ് നെവിൻ. മാതാപിതാക്കളുടെ ജോലി സംബന്ധമായി ഏറെക്കാലമായി നെവിന്‍റെ കുടുംബം കാലടിയിൽ ആയിരുന്നു താമസിച്ചിരുന്നത്.
നെവിൻ ഉൾപ്പെടെ മൂന്ന് പേരാണ് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത്.

ശനിയാഴ്ചയായിരുന്നു കോച്ചിംഗ് സെന്‍ററില്‍ അപകടമുണ്ടായത്. സംഭവത്തില്‍, ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് അന്വേഷണത്തിനായി വിവിധ സംഘങ്ങള്‍ക്ക് രൂപം നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ലെഫ്. ഗവര്‍ണറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Comments (0)
Add Comment