പാകിസ്ഥാനില്‍ നിന്നെത്തിയ വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചു; പൈലറ്റിനെ ചോദ്യം ചെയ്തു

Jaihind Webdesk
Friday, May 10, 2019

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ നിന്നെത്തിയ വിമാനം ഇന്ത്യന്‍ വ്യോമസേന തടഞ്ഞ് ജയ്പൂരില്‍ ഇറക്കി. കറാച്ചിയിൽനിന്നു ഡൽഹിലേക്ക് വരികയായിരുന്ന ജോർജിയൻ കാര്‍ഗോ വിമാനമാണ് നിശ്ചയിച്ചിരുന്ന പാതയില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന വിമാനം തടഞ്ഞ് താഴെയിറക്കുകയായിരുന്നു. വിമാനത്തിന്‍റെ പൈലറ്റിനെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തു.

വ്യോമസേനയുടെ നിര്‍ദേശപ്രകാരം ജയ്പൂരില്‍ ഇറക്കിയ കാര്‍ഗോ വിമാനം വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പൈലറ്റിനെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് മനപൂര്‍വമുള്ള അതിര്‍ത്തിലംഘനമല്ല എന്ന് വ്യക്തമായതായി വ്യോമസേനാ അധികൃതര്‍ അറിയിച്ചു. പിശകാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം വിട്ടയക്കുകയായിരുന്നു. ഗുരുതരമായ അതിര്‍ത്തിലംഘനമല്ലെന്നും സാങ്കേതികപ്രശ്നം കാരണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പാതയില്‍ നിന്ന് ചെറുതായി വ്യതിചലിക്കേണ്ടിവന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

ജോര്‍ജിയയില്‍ നിന്ന് കറാച്ചിവഴി ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന വിമാനം  ഇന്ത്യന്‍ വ്യോമസേനയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആന്‍റണോവ് എ.എന്‍ 12  വിഭാഗത്തിൽപ്പെട്ട വിമാനം വടക്കൻ ഗുജറാത്തിൽ വെച്ചാണ് വ്യോമാതിര്‍ത്തി ലംഘിച്ചത്.