ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

Jaihind Webdesk
Friday, December 7, 2018

IFFK-Signature-Film

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനം നിർവഹിക്കും. ഉദ്‌ഘാടന ചിത്രമായി ഇത്തവണ പ്രദർശിപ്പിക്കുന്നത് അസ്‌ഗർ ഫർഹാദിയുടെ ‘ എവെരിബഡി നോസ് ‘ എന്ന ചിത്രമാണ്.

നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രമേയം. പ്രളയാനന്തരം നടക്കുന്ന മേള ഇത്തവണ ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ ചെലവ് ചുരുക്കി നടത്തുന്നു എന്ന് സംഘാടകർ പറയുന്നു. മേളയുടെ ഉദ്‌ഘാടന വേദിയിൽ ഇത്തവണ മുഖ്യാഥിതിയായെത്തുന്നത് ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്തയാണ്. ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം ഉദ്‌ഘാടന ചിത്രമായ അസ്ഗർ ഫർഹാദിയുടെ സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലർ ‘ എവെരിബഡി നോസിന്‍റെ പ്രദർശനം നടക്കും. ഇതോടെ മേളയിൽ ചലചിത്ര പ്രദർശനങ്ങൾക്ക് തുടക്കമാകും.

ഇത്തവണ 72 രാജ്യങ്ങളിൽ നിന്നായി 164 ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുക. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുമ്പോൾ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. മത്സരവിഭാഗത്തില്‍ മലയാളത്തിൽ നിന്നും ഈ മ യൗ , സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾ ഇടം നേടിയിട്ടുണ്ട്. ഇന്ന് തുടങ്ങി ഡിസംബര്‍ 13 വരെ നഗരത്തിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക.