കൊച്ചി : ഐ ഫോണ്‍ വിവാദത്തില്‍ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്‍ണൻ ഇന്ന് കസ്റ്റംസ് മുമ്പാകെ ഹാജരാകും. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനാൽ ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വിനോദിനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം രണ്ടാം തവണയും നോട്ടീസ് അയച്ചിരുന്നു.
ലൈഫ് മിഷന്‍ കരാർ ഇടപാടുമായി ബന്ധപ്പെട്ട് പാരിതോഷികമായി വില കൂടിയ ഐ ഫോണുകൾ നല്‍കിയെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താൻ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യുണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു. എന്നാൽ ആറാമത്തേത് ഉപയോഗിച്ചത് സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിനോദിനി ഫോൺ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്. സ്വർണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ചോദ്യം ചെയ്യലിന് കഴിഞ്ഞ ആഴ്ച ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. തനിക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല എന്നാണ് അവർ വ്യക്തമാക്കിയത്. ഇതേതുടർന്നാണ് നാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ എ.കെ.ജി ഫ്ലാറ്റിന്‍റെ വിലാസത്തിൽ കസ്റ്റംസ് നോട്ടീസ് നല്‍കിയത്. വിനോദിനി ഇന്ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്‍റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.