ഞാനൊരു സന്യാസിയാണ്: വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കും; ഭീഷണിയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി

Jaihind Webdesk
Friday, April 12, 2019

ന്യൂഡല്‍ഹി: ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബി.ജെ.പി നേതാക്കള്‍ വോട്ട് തേടുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി ബി.ജെ.പിയുടെ എം.പിയും സ്ഥാനാര്‍ത്ഥിയുമായ സാക്ഷിമഹാരാജാണ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

‘ ഞാനൊരു സന്യാസിയാണ്. ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നത് വോട്ട് അഭ്യര്‍ത്ഥിക്കാനാണ്. ഒരു സന്യാസിയുടെ വാക്കുകള്‍ നിഷേധിക്കുകയാണെങ്കില്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്ന് സന്തോഷവും സമാധാനാവും ഞാന്‍ മാറ്റും ശപിക്കുകയും ചെയ്യും’ സാക്ഷി മഹാരാജ് പറഞ്ഞു. പുരാണത്തിന്റെ പേരുപറഞ്ഞും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയുണ്ടായി ഇദ്ദേഹം.

ഇതിന് മുമ്പും വിവിധ വിവാദപരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ഈ ബി.ജെ.പി നേതാവ്. ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അതിന് ശേഷം ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നതായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സാക്ഷിയുടെ പരാമര്‍ശം. സന്യാസിപരിവേഷം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നതിനെതിരെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബി.ജെ.പി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇതിന് മുമ്പ് സമാന സംഭവം സുല്‍ത്താന്‍പൂരിലുമുണ്ടായി. കേന്ദ്രമന്ത്ര മനേക ഗാന്ധി മുസ്ലിംകളെ വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ പരിഗണിക്കില്ലെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രസംഗം.