പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

Jaihind Webdesk
Sunday, March 6, 2022

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74)അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അസുഖ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കേരളീയ മുസ്ലിം സമൂഹത്തിന്‍റെ ആത്മീയ-രാഷ്ട്രീയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ്, ചന്ദ്രിക മാനേജിങ് ഡയറക്ടര്‍, സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ അഭയ കേന്ദ്രമായ കൊടപ്പനക്കല്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന നേതൃസാന്നധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും- മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം.

എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്‍റ് ഫെഡറേഷന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തനത്തിന്‍റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.

1973ല്‍ സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും, ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു.’

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.

മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരന്മാരാണ്. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ.

സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.18 വർഷത്തോളം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു.