ക്രൂരതയ്ക്ക് തടവറ; വിസ്മയ കേസില്‍ ഭർത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് ;12.55 ലക്ഷം പിഴ

Jaihind Webdesk
Tuesday, May 24, 2022

 

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കോടതി 10 വര്‍ഷം തടവ് വിധിച്ചു. കിരണ്‍ കുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി മറ്റു വകുപ്പുകളിലായി ആറുവര്‍ഷവും രണ്ടുവര്‍ഷവും ഒരുവര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കൊല്ലം കോടതി വിധിച്ചു. 12,05,000 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നൽകാനും കോടതി ഉത്തരവായി.

കേസിന്‍റ നാള്‍വഴി:

ജൂൺ 21 – പുലർച്ചെ വിസ്മയ‌യെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. സന്ധ്യയോടെ ഭർത്താവ് കിരൺ കുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങുന്നു.

ജൂൺ 22 – അറസ്റ്റ് രേഖപ്പെടുത്തുന്നു. കിരണിന്‍റെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നു. അന്ന് വൈകിട്ട് റിമാൻഡ്, കൊട്ടാരക്കര സബ് ജയിലിലേക്ക്.

ജൂൺ 28 – കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ജൂൺ 29 – വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കിരണിന്റെ വീട്ടിലെത്തി, വിസ്മയയെ മരിച്ച നിലയിൽ കണ്ട സ്ഥലത്ത്, കിരണിന്‍റെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നു. ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജൂൺ 30 – പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കൊവിഡ് പോസിറ്റീവ് ആകുന്നു.

ജൂലൈ 1 – സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകുന്നു.

ജൂലൈ 5 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.

ജൂലൈ 9 – കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള കിരണിന്‍റെ ആവശ്യം കോടതി നിരസിക്കുന്നു. അഡ്വ. ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്.

ജൂലൈ 26 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.

ഓഗസ്റ്റ് 1 – അഡ്വ.ജി.മോഹൻരാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നു.

ഓഗസ്റ്റ് 6 – അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

സെപ്റ്റംബർ 3 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി.

സെപ്റ്റംബർ 10 – കുറ്റപത്രം സമർപ്പിക്കുന്നു.

ഒക്ടോബർ 8 – കിരണിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജനുവരി 10 – വിചാരണ ആരംഭിച്ചു.

മാർച്ച് 2 – കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

മേയ് 17 – വിചാരണ പൂർത്തിയായി.

മേയ് 23 – കിരണ്‍ കുമാർ കുറ്റക്കാരന്‍

മേയ് 24 – 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി