ടൗട്ടെ ചുഴലിക്കാറ്റ് : ഇന്ന് രാത്രി നിർണായകമെന്ന് മുഖ്യമന്ത്രി, 5 ജില്ലകളിൽ റെഡ് അല‍ർട്ട്

Jaihind Webdesk
Friday, May 14, 2021

തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ഇന്ന് രാത്രി വളരെ നിർണ്ണായകമാണെന്നും കര്‍ശന ജാഗ്രത ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

റെഡ് അലെർട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം തയാറെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സംവിധാനങ്ങളും ജനങ്ങളും അതീവ ജാ​ഗ്രത പുലർത്തണം. ഇന്ന് രാത്രി അതീവ നിർണായകമാണ്. ശക്തമായ മഴ തുടർന്നാൽ ന​ഗരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങൾ തയാറാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിവിധ സേനാവിഭാ​ഗങ്ങളും വകുപ്പുകളും സംസ്ഥാന വ്യാപകമായി അടിയന്തരസാഹചര്യം നേരിടാൻ സജ്ജമാണ്. ദുരന്തനിവരാണസേനയുടെ ഒൻപത് ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഒരു ടീം കാസർഗോഡും രണ്ട് സംഘങ്ങൾ കണ്ണൂരിലും എത്തും. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻഡ്ബൈ ആയി നിൽക്കും. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. മത്സ്യബന്ധനത്തിന് പോകാനുള്ള നിരോധനം തത്കാലം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വൈകിട്ടോടെ അതിതീവ്ര ന്യൂനമർദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നും ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാല്‍ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്തുനിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ :

അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ നിന്ന് മാറിത്താമസിക്കുക.

മത്സ്യതൊഴിലാളികൾ പൂർണ്ണമായും കടലിൽ പോകുന്നത് ഒഴിവാക്കണം. ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുൻപ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദേശം നൽകണം.

ന്യൂനമർദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.