വിരിവെക്കാന്‍ അയ്യപ്പന്മാരെത്തുന്നില്ല; കരാറുകാര്‍ കടുത്ത പ്രതിസന്ധിയില്‍

Jaihind Webdesk
Tuesday, November 20, 2018

Sabarimala-Pilgrims-3

ശബരിമലയിൽ വിരിവെക്കൽ ഷെഡുകൾ കരാറെടുത്തവർ കടുത്ത പ്രതിസന്ധിയിൽ. ലക്ഷങ്ങൾ നൽകി സന്നിധാനത്ത് വിരിവെക്കൽ കേന്ദ്രങ്ങൾ കരാറെടുത്തിട്ടും പോലീസ് നിയന്ത്രണങ്ങൾ മൂലം ഒരാൾ പോലും വിരിവെക്കാൻ എത്താതായതോടെയാണ് കരാറുകാർ ബുദ്ധിമുട്ടിലായിരിക്കുന്നത്.

മണ്ഡല-മകരവിളക്ക് കാലത്ത് ഏറ്റവും അധികം തിരക്കേറുന്ന ഇടമാണ് വിരിവെക്കൽ കേന്ദ്രങ്ങൾ. സന്നിധാനത്ത് മാത്രം പതിനഞ്ചോളം വിരിവെക്കൽ ഷെഡുകളുണ്ട്. എന്നാൽ ഇന്ന് ഇവിടമെല്ലാം ശൂന്യമാണ്. വിരിവെക്കാൻ ഒരു ഭക്തൻ പോലും എത്തുന്നില്ല. സുരക്ഷയുടെ പേരിലുള്ള പോലീസിന്‍റെ നിയന്ത്രണങ്ങൾ കാരണമാണ് വിരിവെക്കാൻ പോലും ഇവിടെ ഭക്തരെത്താത്തത്. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് കരാറുകാരും.

30 രൂപയാണ് ഒരു വിരിയുടെ നിരക്ക്. തൊഴിലാളികളുടെ ഭക്ഷണവും വേതനവുമെല്ലാം കൂടി ആയിരക്കണക്കിന് രൂപ ചെലവും. നൂറു കണക്കിനയ്യപ്പന്മാർ ഒരു നേരം വിരിവെച്ചിരുന്നിടത്ത് ഒരാളെങ്കിലും വന്നെങ്കിലായി. യുവതീ പ്രവേശന വിധി മുൻകൂട്ടി കണ്ട് ദേവസ്വം ബോർഡ് ഇതിന്‍റെ നടപടിക്രമങ്ങള്‍ മാസങ്ങൾക്ക് മുമ്പേ നടത്തുകയുമായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരോട് കരാറുകാർ തങ്ങളുടെ ദുരവസ്ഥ പറഞ്ഞെങ്കിലും അവരുമിപ്പോൾ കൈ മലർത്തുകയാണ്.