വയനാട് മൈസൂർ ദേശീയപാത 766 പൂർണമായി അടയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുവജനകൂട്ടായ്മ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരം ഏറ്റെടുത്ത് വിദ്യാർത്ഥികൾ. ആയിരക്കണക്കിന് വിദ്യാർത്ഥികൾ സമരത്തിന് പിന്തുണയർപ്പിച്ച ബത്തേരിയിലെത്തി. എട്ടാം ദിവസത്തിലേക്ക് കടന്ന സമരത്തിന് പിന്തുണയർപ്പിച്ച് വയനാട് എം.പി രാഹുൽ ഗാന്ധി വെള്ളിയാഴ്ച സമരപ്പന്തലിലെത്തും. അതേസമയം മന്ത്രിമാർ ആരും തന്നെ സമര പന്തൽ സന്ദർശിക്കാത്തതിൽ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
ജില്ലയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അധ്യാപകരുടെ അനുമതിയോടെ സമരപ്പന്തലിലെത്തിയത്. 25,000 ലേറെ വിദ്യാർത്ഥികൾ ബത്തേരിയിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. പ്രശ്നപരിഹാരമാകും വരെ തങ്ങളും സമരരംഗത്തുണ്ടാകുമെന്നാണ് വിദ്യാത്ഥികൾ പറയുന്നത്.
ബത്തേരിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. അഞ്ച് യുവജന സംഘടനകളിൽ നിന്നായി ഒരേ സമയം അഞ്ച് പേരാണ് നിരാഹാരം ഇരിക്കുന്നത്. ഒപ്പം ഇവർക്ക് പിന്തുണ നൽകി മറ്റ് സന്നദ്ധ സംഘനകളുടെ പ്രതിനിധികളും നിരാഹാരം ഇരിക്കുന്നുണ്ട്. സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുൽ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. അതേ സമയം സമരത്തെ തിരിഞ്ഞു നോക്കാത്ത മന്ത്രിമാർക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
സമരത്തിന് ഐക്യദാർഢ്യവുമായി ദിവസവും ആയിരങ്ങളാണ് വയനാട്ടിലേക്ക് എത്തുന്നത്. നിരാഹാര സമരവേദിയിലേക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഏറ്റവുമധികം ആളുകളെത്തിയത്. രാഹുൽ ഗാന്ധി കൂടി വയനാട്ടിലെത്തുന്നതോടെ സമരത്തിന് ഒരു പുതിയ മാനം കൈവരും.