സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് സർക്കാർ ; വിശപ്പ് രഹിത നഗരം പദ്ധതി നിര്‍ത്തലാക്കി, ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Tuesday, October 13, 2020

 

തിരുവനന്തപുരം: കൊവിഡ് കാലത്ത് സാധാരണക്കാരെ  പ്രതിസന്ധിയിലാക്കി വിശപ്പ് രഹിത നഗരം പദ്ധതിയും സർക്കാർ  നിര്‍ത്തലാക്കി. യുഡിഎഫ് സര്‍ക്കാര്‍ 2014ല്‍ ആരംഭിച്ച പദ്ധതിയാണ് നിര്‍ത്തലാക്കിയത്. ഇതു സംബന്ധിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അയച്ച കത്തിന്‍റെ  പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന വിശപ്പ് രഹിത നഗരം പദ്ധതി നിർത്തലാക്കിയെന്ന് വ്യക്തമാക്കുന്ന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ കത്താണ് പുറത്ത് വന്നത്.  വിശപ്പ് രഹിതം നഗരം പദ്ധതി തുടരേണ്ടതില്ല എന്ന് കഴിഞ്ഞ മേയ് 19ന് സര്‍ക്കാര്‍ വിളിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒക്‌ടോബര്‍ 5 മുതല്‍ മുതല്‍ ഇതിനാവശ്യമായ ചെലവ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഹിക്കുന്നതല്ല എന്ന തീരുമാനമുണ്ടായത്.

രണ്ടായിരത്തോളം പേര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും ഈ പദ്ധതി വഴി സൗജന്യ ഭക്ഷണം ലഭിച്ചിരുന്നു. ഒരു ഊണിന് പതിമൂന്ന് രൂപ 25 പൈസയാണ്  സാമൂഹ്യ സുരക്ഷാ മിഷന്‍ മുടക്കയിരുന്നത്. പദ്ധതി നിർത്തലാക്കിയത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കുമെന്നും സാധാരണക്കാരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതി തുടരണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടു.