പ്രധാനമന്ത്രിക്ക് വേദി പടുത്തുയര്‍ത്തിയത് ഈ പാവങ്ങളെ വഴിയാധാരമാക്കി; ഇടിച്ചുനിരത്തിയത് മുന്നൂറോളം വീടുകള്‍

Jaihind Webdesk
Friday, May 3, 2019

ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗ വേദിയൊരുക്കാന്‍ ഇടിച്ചുനിരത്തിയത് മുന്നൂറിലേറെ വീടുകള്‍. മെയ് 1 ന് ജയ്പൂരിലെ മാനസസരോവറില്‍ നടന്ന മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മൂന്നൂറോളം പട്ടിണിപ്പാവങ്ങളെ വഴിയാധാരമാക്കിയ നടപടി ഉണ്ടായത്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി ചേരി പൊളിച്ചുമാറ്റാന്‍ പൊലീസ് ബുള്‍ഡോസറുകളുമായി എത്തുകയായിരുന്നു. മുന്നറിയിപ്പ് പോലും നല്‍കാതെയായിരുന്നു ക്രൂരമായ ഈ ‘കുടിയൊഴിപ്പിക്കല്‍’ നടന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ അനുവാദം ഇല്ലാതെയായിരുന്നു പ്രധാനമന്ത്രിക്ക് വേണ്ടി ചേരി നിരപ്പാക്കിയത്.

Pic Courtesy: The Wire

പെട്ടെന്നുണ്ടായ പോലീസ് നടപടിയില്‍ എന്തുചെയ്യണമെന്നറിയാതെ ഭീതിയിലായ ചേരി നിവാസികള്‍ ഒഴിഞ്ഞുപോകില്ലെന്ന് അറിയിച്ചതോടെ പോലീസ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി തെരുവില്‍ അഭയം പ്രാപിക്കേണ്ടിവന്നവര്‍ പറയുന്നു. അവശ്യസാധനങ്ങള്‍ പോലും എടുത്തുമാറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥലം കണ്ടെത്താനാവാതെയും തലചായ്ക്കാന്‍ ഇടമില്ലാതെയും ബുദ്ധിമുട്ടുകയാണ് ചേരിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍. റാലിയുടെ അന്ന് വേദിയുടെ പരിസരത്ത് പോലും വന്നുപോകരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

Pic Courtesy: The Wire

തലചായ്ക്കാന്‍ ആകെ ഉണ്ടായിരുന്ന കൂരയും നഷ്ടമായ ഈ കുടുംബങ്ങള്‍ ഇപ്പോള്‍ റോഡ് സൈഡിലാണ് തങ്ങളുടെ അവശേഷിക്കുന്ന വീട്ടുസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂര പൊളിക്കാന്‍ അധികാരികള്‍ക്ക് നിസാരസമയം മതി. എന്നാല്‍  അതുപോലൊരു കൂര വീണ്ടും ഉയര്‍ത്താന്‍ പോലും സാമ്പത്തികമായി കഴിവില്ലാത്തവരാണ് തങ്ങളെന്നും ഇവര്‍ ആവലാതിപ്പെടുന്നു. അതേസമയം വീടുകളൊന്നും തകര്‍ത്തിട്ടില്ലെന്നും സുരക്ഷയുടെ പേരില്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം. ദ വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.