മാത്യുവിന്‍റെ കസ്റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; നടപടി അഡ്വ. പഴകുളം മധു നൽകിയ പരാതിയിന്മേല്‍

Jaihind News Bureau
Monday, August 10, 2020

ചിറ്റാറിൽ പി പി മാത്യുവിന്‍റെ  കസ്റ്റഡി  മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാത്യുവിന്‍റെ കസ്റ്റഡി മരണത്തിൽ ഏഴു വനപാലകർക്കും റേഞ്ച് ഓഫീസർക്കുമെതിരെ കൊലക്കുറ്റത്തിന്  കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു നൽകിയ പരാതിയിന്മേലാണ് നടപടി.

മർദ്ദിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ മാത്യുവിനെതിരെ ഒരു പെറ്റി കേസുപോലുമില്ലെന്നും ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും സംബന്ധിച്ചുള്ള സുപ്രീം കോടതി നിർദ്ദേശങ്ങളൊന്നും ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ലെന്നും പഴകുളം മധു നല്‍കിയ പരാതിയില്‍ പറയുന്നു. ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് കാലത്തു ഏഴുവർഷം വരെ ശിക്ഷ വിധിക്കാവുന്ന കേസുകളിൽ അറസ്റ്റ് പാടില്ലെന്ന കേരള ഹൈക്കോടതി വിധിയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ലംഘിച്ചിരിക്കുകയാണെന്ന് പെറ്റീഷനില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറ കേടുവരുത്തി എന്ന കുറ്റത്തിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ 28 നോ അതിനു ശേഷമോ മുൻപോ അത്തരമൊരു പരാതി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊലീസിന് നൽകിയിട്ടില്ല. അങ്ങനൊരു രേഖയും ഇല്ല. കസ്റ്റഡിയിലെടുത്ത പ്രതിയെ എന്ത് ചെയ്തു, ആരുടെ ജാമ്യത്തിൽ വിട്ടു എന്നതിനും രേഖയോ തെളിവോ ഇല്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് വനപാലകർ നടത്തിയിട്ടുള്ളതെന്നും പരാതിയിൽ പഴകുളം മധു പറഞ്ഞു. ചിറ്റാർ പ്രദേശം ഉൾപ്പെടുന്ന തണ്ണിത്തോട് ബ്ലോക്കിൽ നിന്നുള്ള കെ പി സി സി മെമ്പർ എന്ന നിലയിലാണ് പരാതി.