സില്‍വർ ലൈന്‍ നിർമ്മാണം മാത്രമല്ല പരിപാലന ചെലവിനും പ്രതിവർഷം വേണ്ടത് ഭീമമായ തുക

Jaihind Webdesk
Wednesday, December 29, 2021

സില്‍വര്‍ലൈന്‍ വേഗറെയില്‍ പാതയുടെ നിർമ്മാണ ചെലവ് മാത്രമല്ല പരിപാലന ചെലവും ഉയര്‍ന്നതാണെന്ന് രേഖകൾ. അറ്റകുറ്റപ്പണിക്ക് മാത്രം പ്രതിവര്‍ഷം 542 കോടി രൂപ ചെലവാകും. സമ്പൂര്‍ണ ഹരിത പദ്ധതി എന്നവകാശപ്പെടുന്ന സില്‍വര്‍ ലൈനിനായി സ്വകാര്യ കമ്പനിയില്‍ നിന്ന് സൗരോര്‍ജം വാങ്ങുമെന്നും പദ്ധതിയുടെ ഡിപിആര്‍ പറയുന്നു. ഡിപിആറിന്‍റെ 71 പേജുള്ള എക്സിക്യൂട്ടീവ് സമ്മറി ജയ്‌ഹിന്ദ്‌ ന്യൂസിന് ലഭിച്ചു.

സില്‍വര്‍ലൈന്‍ വേഗ റെയില്‍ പാതയുടെ നിർമാണ ചെലവ് സംസ്ഥാനത്തിനു കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്നുള്ള കണക്കുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതെ സമയം പരിപാലന ചെലവും ഉയര്‍ന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന രേഖകൾ തെളിയിക്കുന്നത്. കെ റെയിൽ എക്സിക്യൂട്ടീവ് സമ്മറിയില്‍ പദ്ധതി നടത്തിപ്പ് ചെലവ് വിശദമാക്കുന്നുണ്ട്. ആദ്യത്തെ പത്തുവര്‍ഷക്കാലം അറ്റകുറ്റപ്പണിക്ക് 542 കോടി വീതം ചെലവാകും.

പതിനൊന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം 694 കോടിരൂപ അറ്റകുറ്റപ്പണിക്ക് വേണ്ടിവരും. 3384 കമ്പനി ജീവനക്കാരും 1516 പുറംകരാര്‍ ജീവനക്കാരും സില്‍വര്‍ ലൈനിന് ഉണ്ടാവും. കമ്പനി ജീവനക്കാരുടെ ശരാശരി വാര്‍ഷികശമ്പളം എട്ടുലക്ഷം രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2026 മുതല്‍ ശമ്പളത്തില്‍ എട്ടുശതമാനം വീതം വര്‍ധനയുമുണ്ടാകും. 271 കോടി രൂപ ശമ്പളം നല്‍കാന്‍ വേണം. സൗരോര്‍ജമാണ് സില്‍വര്‍ലൈനില്‍ ഉപയോഗിക്കുന്നത്.

സ്വകാര്യ കമ്പനിയില്‍ നിന്നും കെ.എസ്.ഇ.ബിയില്‍ നിന്നുമായി വൈദ്യുതി വാങ്ങാനാണ് പദ്ധതി. ആവശ്യമുള്ള സൗരോര്‍ജത്തിന്‍റെ പകുതി സ്വകാര്യകമ്പനിയില്‍ നിന്ന് യൂണിറ്റിന് മൂന്നര രൂപ നിരക്കില്‍ വാങ്ങും. അവശേഷിക്കുന്ന 50 ശതമാനം സൗരോര്‍ജം സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങി പവര്‍ഗ്രിഡ് വഴിഎത്തിക്കും. വില യൂണിറ്റിന് 5 രൂപ 76 പൈസ. ഇതില്‍ 4 രൂപ 76 പൈസക്ക് വാര്‍ഷിക വര്‍ധനയുണ്ടാവില്ല. അവശേഷിക്കുന്ന ഒരു രൂപയില്‍ വര്‍ഷം അഞ്ച് ശതമാനം വീതം വര്‍ധനവരും.

കെഎസ്ഇബിയില്‍ നിന്ന് യൂണിറ്റിന് ആറര രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന്‍റെ വില വര്‍ഷം മൂന്നുശതമാനം വീതം കൂടുമെന്നും ഡിപിആര്‍ വ്യക്തമാക്കുന്നു.