ന്യൂഡല്‍ഹി: പാചകവാതക വിലവര്‍ധനവില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച് കഴിയുക എന്നതാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന നിർദ്ദേശമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘പാചകവാതകത്തിന്‍റെ വില വീണ്ടും വര്‍ധിച്ചിരിക്കുന്നു. ജനങ്ങള്‍ക്കായി മോദി സര്‍ക്കാരിന് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവയാണ് കച്ചവടങ്ങള്‍ അടച്ചുപൂട്ടുക, സ്റ്റൗവുകള്‍ വലിച്ചെറിയുക, കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച് ജീവിക്കുക’- രാഹുല്‍ ഗാന്ധി കുറിച്ചു.
ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 100 രൂപയും ആണ് വർധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,618 രൂപയുമായി ഉയർന്നു.30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച 25 രൂപയും തൊട്ടു മുന്നിലത്തെ ആഴ്ച 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.