കാന്‍സറിനെ എങ്ങിനെ പ്രതിരോധിക്കാം: ജയ്ഹിന്ദ് ടിവി ഫേസ്ബുക്കില്‍ തത്സമയം; ആസ്റ്റര്‍ വെബിനാര്‍ ഇന്ന് ഉച്ചയ്ക്ക് സൂം പ്ലാറ്റ്‌ഫോമില്‍; 85341688317 ഐഡി വഴി പങ്കെടുക്കാം

 

ദുബായ് : ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സും കേരളത്തിലെ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യുഎഇ കൂട്ടായ്മയായ അക്കാഫും ചേര്‍ന്ന് കാന്‍സര്‍ അവബോധം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് ( ഫെബ്രുവരി 10 വ്യാഴാഴ്ച ) നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 3.30 മുതല്‍ അഞ്ച് വരെയാണ് (യു.എ.ഇ സമയം ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെ) വെബിനാര്‍.

കാന്‍സറിനെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും അതുവഴി രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാന്‍സര്‍ ലക്ഷണങ്ങള്‍, കാരണങ്ങള്‍, നിയന്ത്രണ ഉപാധികള്‍, വിവിധ ചികിത്സാരീതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള സെഷനുകളും സംശയങ്ങള്‍ക്കുള്ള മറുപടിയും ലഭിക്കും. മുന്‍കൂട്ടി കണ്ടെത്തുന്നത് വഴി കാന്‍സറില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളും വെബിനാറില്‍ വിശദമാക്കും.

സീനിയര്‍ കന്‍സള്‍ട്ടന്റും ആസ്റ്റര്‍ മിംസ് കോഴിക്കോട് ന്യൂറോ സര്‍ജറി വിഭാഗം തലവനുമായ ഡോ. ജേക്കബ് ആലപ്പാട്ട് ബ്രെയിന്‍ ട്യൂമറുകളെപ്പറ്റി സംസാരിക്കും. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ആശുപത്രികളിലെ ശിശുരോഗവിഭാഗത്തില്‍ രക്താര്‍ബുധ ക്യാന്‍സര്‍ കന്‍സര്‍ട്ടന്റായി സേവനം അനുഷ്ഠിക്കുന്ന ഡോ. കേശവന്‍, കുട്ടികളിലെ ക്യാന്‍സറുകളെപ്പറ്റി വിശദമാക്കും. മെഡ് കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയിലും ദുബായിലും ജനറല്‍ സര്‍ജന്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. ഗീത കര്‍ബീത് പൈ, തൈറോയിഡ് ക്യാന്‍സറിനെക്കുറിച്ച് ബോധവത്കരിക്കും. ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലെ യൂറോളജി വിഭാഗം കന്‍സര്‍ട്ടന്റായി സേവനം അനുഷ്ഠിക്കുന്ന ഡോ. ടി.എ. കിഷോര്‍ മുതിര്‍ന്ന പുരുഷന്‍മാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന ശാന്തനായ കൊലയാളിയെപ്പറ്റി സംസാരിക്കും.

ദുബായ് ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പ്പിറ്റലില്‍ ക്യാന്‍സര്‍ ശസ്ത്രക്രിയയില്‍ കന്‍സള്‍ട്ടന്റായ ഡോ. ശിവ പ്രസാദ് രത്‌നസ്വാമി സ്ത്രീകളെ ഏറെ ബാധിക്കുന്ന സ്തനാര്‍ബുദത്തെയും മറ്റിതര അര്‍ബുദങ്ങളെയും അവയില്‍ നിന്നുള്ള മോചനത്തെ കുറിച്ചും വിവരിക്കും. ബംഗളൂരു ആസ്ഥാനമായ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലിലെ ലിവര്‍ രോഗ വിഭാഗത്തില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ലീഡ് കന്‍സര്‍ട്ടന്റായ ഡോ. സോനല്‍ അസ്ഥാന ‘ലിവര്‍ ക്യാന്‍സര്‍ മുന്‍കാലങ്ങളിലും ഇന്നും’ വിഷയത്തില്‍ ചര്‍ച്ച നടത്തും. ഡോ. സ്ഫടീകാ പ്രകാശ്, അക്കാഫ് സാരഥികളായ അന്നു പ്രമോദ്, അനൂപ് അനില്‍ ദേവന്‍ എന്നിവര്‍ ചര്‍ച്ച നിയന്ത്രിക്കും. സൂം പ്ലാറ്റ്‌ഫോമിലൂടെ ഇവന്റ് ഐഡി നമ്പറായ 85341688317 നല്‍കി സൗജന്യമായി വെബിനാറില്‍ പങ്കെടുക്കാം.

അക്കാഫ് സജീവ പ്രവര്‍ത്തകനും അകാലത്തില്‍ പൊലിഞ്ഞു പോയ സേവന പ്രവര്‍ത്തകനുമായ അഷറഫിന്റെ ഓര്‍മ്മ വര്‍ഷത്തില്‍, അത്തരം വേദനാജനകമായ അവസ്ഥ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ആസ്റ്റര്‍ വളണ്ടിയേര്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

Comments (0)
Add Comment