മാഡിയും മോഡിയും… ! ബി.ജെ.പിയെ കുരുക്കിലാക്കി ഇ മെയില്‍ സന്ദേശം പുറത്ത്

Jaihind News Bureau
Wednesday, October 30, 2019

വിദേശ പ്രതിനിധികളുടെ കശ്‌മീര്‍ സന്ദര്‍ശനം സംഘടിപ്പിച്ചത് അന്താരാഷ്ട്ര ബിസിനസ്‌ ബ്രോക്കർ മാഡി ശര്‍മ. മോദി സര്‍ക്കാരുമായുള്ള മാഡി ശർമയുടെ ബന്ധം സംശയത്തിന്‍റെ നിഴലില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള വി.ഐ.പികളുമായി കൂടികാഴ്‌ച നടത്താനും കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കാമെന്നും വിദേശ സംഘത്തിന്‌ മാഡി ശര്‍മ ഉറപ്പുകൊടുത്ത ഇ-മെയില്‍ സന്ദേശം പുറത്തുവന്നു.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി സംഘങ്ങള്‍ക്ക്‌ കശ്മീർ സന്ദർശിക്കാൻ അനുമതി നിഷേധിക്കുകയും, യൂറോപ്യൻ പ്രതിനിധി സംഘത്തിന് അനുമതി നൽകുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് മാഡി ശര്‍മയുടെ ഇ-മെയിൽ പുറത്ത് വന്നത്. മാഡി ശര്‍മയെന്ന അന്താരാഷ്ട്ര ബിസിനസ്‌ ബ്രോക്കറാണ്‌ എന്നാണ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ വ്യക്തമാകുന്നത്.

ഇന്ത്യയിലെത്തിയാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി.ഐ.പികളുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം ഒരുക്കാമെന്നും കശ്‌മീര്‍ സന്ദര്‍ശിക്കാമെന്നും പറയുന്നതാണ് ഇ-മെയിൽ. ഇന്ത്യയുടെ തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ ഇടപെടാൻ മാഡി ശർമയ്ക്ക് കഴിയുന്നു എന്നതാണ് ഇ-മെയിലിലൂടെ  വ്യക്തമാകുന്നത്. യൂറോപ്യൻ പ്രതിനിധി സംഘം നരേന്ദ്ര മോദിയെ കാണുമ്പോൾ മാഡി ശർമ കൂടെ ഉണ്ടായിരുന്നു എന്നത് കേന്ദ്ര സർക്കാരും മാഡി ശർമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.