ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാനായി യുദ്ധംചെയ്ത രാമന്‍റെ പേരിലുള്ള ക്ഷേത്രത്തിൽ എങ്ങനെ പൂജ ചെയ്യാനാകും എന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്വാമി മോദിക്കെതിരെ രംഗത്തെത്തിയത്.
‘അയോധ്യയിലെ രാം ലല്ല മൂർത്തിയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്‍റെ ഭാര്യയായ സീതയെ രക്ഷിക്കാനായി യുദ്ധം ചെയ്തയാളാണ് രാമൻ. എന്നാൽ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളെന്ന നിലയിലാണ് മോദി അറിയപ്പെടുന്നത്. അതിനാൽ മോദിക്ക് പൂജ നടത്താനാകുമോ?’ – സുബ്രഹ്മണ്യം സ്വാമി എക്സില്‍ കുറിച്ചു. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം.